കൊല്ലം: കൊട്ടാരക്കരയിൽ നിന്നും മോഷണം പോയ കെഎസ്ആർടിസി ബസ് തിരിച്ചുകിട്ടി. കൊട്ടാരക്കര ഡിപ്പോയിലെ RAC354(KL15/7508) നമ്പറിലുള്ള വേണാട് ബസാണ് തിരികെ ലഭിച്ചത്. മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ കൊല്ലം പാരിപ്പള്ളിയിൽനിന്നാണ് കെഎസ്ആർടിസിയുടെ വേണാട് ബസ് കണ്ടെത്തിയത്.
ഞായറാഴ്ച സർവീസ് പൂർത്തിയാക്കി രാത്രി പത്തരയോടെയാണ് ബസ് കൊട്ടാരക്കര ഡിപ്പോയിൽ എത്തിച്ചത്. ഗ്യാരേജിലെ പരിശോധനയ്ക്ക് ശേഷം മുനിസിപ്പൽ ഓഫീസിന് സമീപം റോഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ സർവീസ് നടത്താനായി ഡ്രൈവർ എത്തിയെങ്കിലും പക്ഷേ, പാർക്ക് ചെയ്ത സ്ഥലത്ത് ബസ് ഇല്ലായിരുന്നു. തുടർന്ന് സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് ബസ് പുലർച്ചയോടെ ഒരാൾ കടത്തിക്കൊണ്ടു പോകുന്നത് ശ്രദ്ധയിൽപ്പെട്ടത്.
രാത്രി ഒന്നരയോടെ ഒരാൾ ബസുമായി കൊല്ലം ഭാഗത്തേക്ക് പോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമായതോടെയാണ് ബസ് മോഷണം പോയതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
സംഭവത്തിൽ കെഎസ്ആർടിസി അധികൃതർ തിങ്കളാഴ്ച രാവിലെ പോലീസിൽ പരാതി നൽകുകയും ജില്ലയിലാകെ പോലീസും അധികൃതരും വ്യാപക പരിശോധന നടത്തി. ഇതിനിടെയാണ് കൊല്ലം പാരിപ്പള്ളിയിലെ ഒരു മൈതാനത്ത് ബസ് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. മോഷണം പോയ ബസ് കണ്ടെത്തിയെങ്കിലും മോഷ്ടിച്ചയാളെ കണ്ടെത്താൻ പോലീസിന്റെ അന്വേഷണം തുടരുകയാണ്.
Discussion about this post