കൊച്ചി: വാക്‌സിന്‍ എടുത്തിട്ടും കൊവിഡ് വന്ന അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഡോ. മനോജ് വെള്ളനാട്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ അനുഭവം പങ്കുവെച്ചത്. ഒപ്പം വാക്‌സിന്റെ ആവശ്യകതയും അദ്ദേഹം പങ്കുവെയ്ക്കുന്നുണ്ട്. വാക്‌സിനെടുത്താലും കോവിഡ് വരാമോ? വരാം.. വന്നുവെന്ന് മനോജ് കുറിക്കുന്നു.
ആദ്യ ഡോസ് വാക്സിനെടുത്തെങ്കിലും എല്ലാ മുന്‍കരുതലുകളും തുടര്‍ന്നും എടുക്കുന്നുണ്ടായിരുന്നു. എന്നാലും പോസിറ്റീവ് ആണെന്നറിയാത്ത ഒരു രോഗിയുമായുളള നിരന്തരസമ്പര്‍ക്കമാകാം രോഗപ്പകര്‍ച്ചക്ക് കാരണമെന്ന് കരുതുന്നുവെന്നും അദ്ദേഹം കുറിക്കുന്നു.
ഞാന്‍ വാക്‌സിന്‍ ഫസ്റ്റ് ഡോസല്ലേ എടുത്തിട്ടുള്ളൂ, രണ്ടാമത്തെ ഡോസുമെടുത്ത് 14 ദിവസം കഴിഞ്ഞാലെ വാക്‌സിന്റെ ഗുണഫലം പൂര്‍ണമായും കിട്ടൂ.. അതിനുള്ള സമയമായിട്ടില്ല. അതുകൊണ്ട് തന്നെ ഇതില്‍ വാക്‌സിന്റെ കാര്യക്ഷമതയെ സംശയിക്കേണ്ട കാര്യമേയില്ലെന്നും മനോജ് കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
വാക്സിനെടുത്താലും കോവിഡ് വരാമോ?
വരാം.. വന്നു.. ഇന്ന് മെഡിക്കൽ കോളേജിൽ അഡ്മിറ്റായിട്ട് മൂന്ന് ദിവസമായി. ആരോഗ്യപരമായി അൽപ്പം മെച്ചപ്പെട്ടതിനാലാണ് ഇന്നൊരു കുറിപ്പിടാമെന്ന് കരുതിയത്. ആദ്യ ഡോസ് വാക്സിനെടുത്തെങ്കിലും എല്ലാ മുൻകരുതലുകളും തുടർന്നും എടുക്കുന്നുണ്ടായിരുന്നു. എന്നാലും +ve ആണെന്നറിയാത്ത ഒരു രോഗിയുമായുളള നിരന്തരസമ്പർക്കമാകാം (High risk) രോഗപ്പകർച്ചക്ക് കാരണമെന്ന് കരുതുന്നു.
🤔 വാക്സിനെടുത്താലും പിന്നെങ്ങനെ…?! എന്ന സംശയം പലർക്കും തോന്നാം.
ഞാൻ വാക്സിൻ ഫസ്റ്റ് ഡോസല്ലേ എടുത്തിട്ടുള്ളൂ, രണ്ടാമത്തെ ഡോസുമെടുത്ത് 14 ദിവസം കഴിഞ്ഞാലെ വാക്സിൻ്റെ ഗുണഫലം പൂർണമായും കിട്ടൂ.. അതിനുള്ള സമയമായിട്ടില്ല. അതുകൊണ്ട് തന്നെ ഇതിൽ വാക്സിൻ്റെ കാര്യക്ഷമതയെ സംശയിക്കേണ്ട കാര്യമേയില്ല.
🤔 ഇനിയാ വാക്സിൻ കാരണമാണോ രോഗം വന്നത്..?! എന്ന് സംശയിക്കുന്നവരും ഉണ്ടാവാം. കാരണമങ്ങനെ ചില പ്രചരണങ്ങൾ നേരത്തേ മുതൽ ഉണ്ടല്ലോ.
ഒരിക്കലുമല്ല. കാരണം ഈ വാക്സിനിൽ കൊവിഡ് വൈറസേയില്ല. അതിൻ്റെയൊരു ജനിതകപദാർത്ഥം മാത്രമേയുള്ളൂ. അതുകൊണ്ടു തന്നെ വാക്സിനിലൂടെ രോഗം പകരില്ല. അതൊരിക്കലും നമ്മളിപ്പോ ചെയ്തു പോരുന്ന രോഗനിർണയ പരിശോധനകളൊന്നും പോസിറ്റീവ് ആക്കുകയുമില്ല. എന്നുവച്ചാൽ, വാക്സിനേഷനു ശേഷം ഒരാൾക്ക് രോഗം വന്നെങ്കിൽ, രോഗാണു പുതുതായി ശരീരത്തിൽ കയറിയതാണെന്നാണ് അതിനർത്ഥം..
ഒരു വർഷം അവന് പിടികൊടുക്കാതെ നടന്നു. അതിനിടയിൽ 15 തവണ ടെസ്റ്റ് ചെയ്തിട്ടുണ്ട്. ഒടുവിൽ 16-ആമത്തെ ടെസ്റ്റ് +ve ആയി. നിലവിൽ, ഉണ്ടായിരുന്ന ബുദ്ധിമുട്ടുകളൊക്കെ പതിയെ മാറി വരുന്നുണ്ട്. ഈ ഒറ്റമുറിക്കകത്തെ ഏകാന്തവാസം അത്ര പരിചയമില്ലാത്തതിൻ്റെ പ്രശ്നങ്ങൾ മാത്രമേ ഇപ്പൊ കാര്യമായുള്ളൂ. എന്തായാലും അടുത്തയാഴ്ച കൂടുതൽ ആരോഗ്യവാനായി, കുട്ടപ്പനായി, പുറത്തുചാടാമെന്ന പ്രതീക്ഷയിൽ… 🙂
മനോജ് വെള്ളനാട്
( 2nd dose വാക്സിൻ 2-3 മാസങ്ങൾ കഴിഞ്ഞേ എടുക്കാൻ പറ്റൂ..)
Discussion about this post