മലപ്പുറം: മാറഞ്ചേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെയും പെരുമ്പടപ്പ് വന്നേരി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെയും 186 വിദ്യാര്‍ഥികള്‍ക്കും 74 അധ്യാപകര്‍ക്കും കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സ്കൂളുകള്‍ അടിയന്തരമായി അടച്ചുപൂട്ടി.
മാറഞ്ചേരി സ്കൂളില്‍ 150 വിദ്യാര്‍ഥികള്‍ക്കും 34 അധ്യാപകര്‍ക്കും വന്നേരി സ്കൂളിള്‍ 40 അധ്യാപകര്‍ക്കും 36 വിദ്യാര്‍ഥികള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് സ്കൂളില്‍ പഠനം ആരംഭിച്ചിരുന്നു.
ഒരു വിദ്യാര്‍ഥിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെ 684 പേരെ പരിശോധിക്കുകയായിരുന്നു. കോവിഡ് സ്ഥിരീകരിച്ച 150 വിദ്യാര്‍ഥികളും പത്താംക്ലാസ്സുകാരാണ്. എന്നാല്‍ ആര്‍ക്കും രോഗലക്ഷണങ്ങളില്ല.
മാറഞ്ചേരി സമൂഹാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ സഹകരണത്തോടെ വെള്ളിയാഴ്ചയാണ് പത്താം ക്ലാസ് വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെയുള്ളവരെുടെ സാമ്പിള്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്കായി എടുത്തത്. ഞായറാഴ്ച വൈകീട്ടോടെയാണ് പരിശോധനാഫലം പുറത്തുവന്നത്.
ഈ സ്കൂളിലെ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളെ പരിശോധിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ ഇവര്‍ക്കും പരിശോധന നടത്തും. എല്ലാവരോടും ക്വാറന്റീനില്‍ പോവാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കോവിഡ് സ്ഥിരീകരിച്ചവരില്‍ മാറഞ്ചേരി, വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തുകളിലും തൃശ്ശൂര്‍ ജില്ലയിലെ വടക്കേകാട് മേഖലയിലും ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
Discussion about this post