കോഴിക്കോട്: വളര്‍ത്തുപൂച്ചകള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ വീട്ടമ്മയുടെ പരാതിയില്‍ അയല്‍വാസിക്കെതിരെ കേസ്. കോഴിക്കോട് മുണ്ടിക്കല്‍ത്താഴം എടത്തില്‍ വീട്ടില്‍ ഇകെ ഹേനയുടെ പരാതിയിലാണ് അയല്‍വാസി തറ്റാംകൂട്ടില്‍ സന്തോഷിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഹേനയുടെ അഞ്ച് പൂച്ചകള്‍ ഒന്നിന് പുറകെ ഒന്നായി ചത്തിരുന്നു. അയല്‍വാസിയായ സന്തോഷിന്റെ വീട്ടില്‍ നിന്നും തിരികെയെത്തിയ പൂച്ചകളാണ് ഒന്നിന് പുറകെ ഒന്നായി ചത്തത്.
ഫെബ്രുവരി ഒന്നിനായിരുന്നു ആദ്യത്തെ പൂച്ച ചാകുന്നത്. അയല്‍ക്കാരന്റെ മതില്‍ ചാടിക്കടന്നെത്തിയ പൂച്ച രാത്രിയോടെ മുറ്റത്ത് പിടഞ്ഞ് ചാവുകയായിരുന്നു. തൊട്ടടുത്ത ദിവങ്ങളിലായാണ് അടുത്തടുത്ത് ബാക്കി നാല് പൂച്ചകളും ചാകുന്നത്. അഞ്ചാമത്തെ പൂച്ച സന്തോഷിന്റെ വീട്ടില്‍വച്ചാണ് ചത്തതെന്നും അതിനെ അവര്‍ അവിടെത്തന്നെ കുഴിച്ചിട്ടുവെന്നും ഹേന പറയുന്നു.
പൂച്ചശല്യം കൂടുന്നുവെന്നും ഇത് തുടര്‍ന്നാല്‍ വിഷംകൊടുത്തു കൊല്ലുമെന്നും അയല്‍ക്കാരന്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഹേന പരാതിയില്‍ പറയുന്നു. പരാതിയില്‍ മൃഗങ്ങളോടുള്ള ക്രൂരതയ്ക്കാണ് സന്തോഷിനെതിരെ മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തിരിക്കുന്നത്.
അരുമയായി വളര്‍ത്തിയിരുന്ന പൂച്ചകളുടെ ദാരുണ മരണത്തിന്റെ സങ്കടത്തിലാണ് ഹേനയും മക്കളും.
Discussion about this post