ആലപ്പുഴ: പാചകവാതക വില വര്‍ധന ആലപ്പുഴയിലെ രത്‌നമ്മയുടെ വീട്ടില്‍ ഒരു പ്രശ്‌നമേയല്ല കാരണം പാചകവാതകം ഇഷ്ടം പോലെ തരുന്ന കുഴല്‍ക്കിണര്‍ ഉണ്ട്. 10 വര്‍ഷമായി കുഴല്‍ കിണറില്‍ നിന്നും ലഭിയ്ക്കുന്നത് പാചകവാതകമാണ്.
ആലപ്പുഴ ആറാട്ടുവഴി ചിറപ്പറമ്പില്‍ കാര്‍ത്തികയില്‍ രത്‌നമ്മ രമേശന്റെ വീട്ടിലാണ് ഈ അത്ഭുത കിണറുള്ളത്. ഉണ്ടായിരുന്ന കുഴല്‍ക്കിണറില്‍ നിന്നുള്ള വെള്ളത്തിന് മഞ്ഞ നിറമായതു കൊണ്ടാണ് 2011ല്‍ അടുക്കളയ്ക്കു സമീപം പുതിയൊരു കുഴല്‍ക്കിണറിനു കുഴികുത്തിയത്. 16 മീറ്റര്‍ താഴ്ത്തിയെങ്കിലും വെള്ളം കിട്ടിയില്ല.
ഇതിനിടയില്‍ പൈപ്പിന്റെ വാ വട്ടം വികസിപ്പിക്കാന്‍ പുതിയ കുഴല്‍ക്കിണറിന്റെ പൈപ്പിനു സമീപത്തു നിന്ന് തീപ്പെട്ടി ഉരച്ചു. ‘ഭൂം’ ശബ്ദത്തോടെ തീക്കൊള്ളി തീജ്വാലയായി. പരിഭ്രാന്തരായ വീട്ടുകാര്‍ സംഭവം ആദ്യം രഹസ്യമാക്കിവച്ചു.
പിന്നീട് ഇത് ഭൂഗര്‍ഭ വാതകമാണെന്നു മനസ്സിലായതോടെ പ്ലമ്പര്‍ റെജിയുടെ സഹായത്തോടെ പൈപ്പിട്ട് വീട്ടിലെ സ്റ്റൗവുമായി ബന്ധിപ്പിച്ചു. ഗന്ധമില്ലാത്ത ഈ വാതകത്തില്‍ നിന്നും ചുവന്ന ജ്വാല തെളിഞ്ഞു.
ജ്വലനശേഷിയുള്ള ഭൂഗര്‍ഭ വാതകം വരുന്നുവെന്നറിഞ്ഞപ്പോള്‍ ജിയോളജി വിഭാഗവും പെട്രോളിയം കമ്പനികളും എത്തി പരിശോധന നടത്തി. വാതകം മീഥെയ്ന്‍ ആണെന്നും പേടിക്കേണ്ടെന്നും അവര്‍ പറഞ്ഞു. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പ്രതിഭാസം മാത്രമാണിതെന്നായിരുന്നു വിദഗ്ധരുടെ വിലയിരുത്തല്‍.
എന്നാല്‍, കഴിഞ്ഞ 10 വര്‍ഷമായിട്ടും ഇഷ്ടംപോലെ പാചകവാതകം കിട്ടുന്നുണ്ട്.
മഴക്കാലത്ത് പെയ്ത് വീടിനു ചുറ്റും വെള്ളക്കെട്ടാകുമ്പോള്‍ മാത്രമാണ് വാതക ലഭ്യത കുറയുന്നത്. ഇപ്പോള്‍ പാചകവാതക കണക്ഷന്‍ റദ്ദാകാതിരിക്കാന്‍ മാത്രമാണ് സിലിണ്ടര്‍ വാങ്ങുന്നത്.
Discussion about this post