പത്തനംതിട്ട : ഒന്നാം വയസില്‍ വിഴുങ്ങിയ സ്വര്‍ണ മോതിരം പുറത്തെടുത്തത് എഴുപതാം വയസില്‍. പത്തനംതിട്ട വലഞ്ചുഴി രാജമംഗലത്ത് രഘുഗോപാലന് എന്ന എഴുപതുകാരന്റെ ശ്വാസനാളത്തില്‍ നിന്നാണ് സ്വര്‍ണമോതിരം പുറത്തെടുത്തത്. വിട്ടു മാറാത്ത തലവേദനയെ തുടര്‍ന്ന് നടത്തിയ എംആര്‍ഐ സ്കാനിങ് പരിശോധനയിലാണ് സ്വര്‍ണ മോതിരം മേലണ്ണാക്കില്‍ ഉറച്ചിരിയ്ക്കുന്നത് കണ്ടത്.
രഘുഗോപാലന് ഏറെ കാലമായി തലവേദനയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു . അടുത്തിടെ തലവേദന ശക്തമായതോടെ ആശുപത്രിയില്‍ അഡ്മിറ്റായി. സാധാരണ ഗതിയിലുള്ള പരിശോധനകളില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല.
തുടര്‍ന്നാണ് തലയുടെ എംആര്‍ഐ സ്കാനിങ് നടത്താന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്. ഈ സ്കാന്‍ റിപ്പോര്‍ട്ടിലാണ് ശ്വാസനാളത്തില്‍ ഒരു ലോഹ വസ്തു കുടുങ്ങിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. എപ്പോഴെങ്കിലും ലോഹവസ്തു വിഴുങ്ങിയിട്ടുണ്ടോയെന്ന് ഡോക്ടര്‍ ചോദിച്ചെങ്കിലും, ഒരു വയസുള്ളപ്പോള്‍ മോതിരം വിഴുങ്ങിയ കാര്യം ആദ്യം രഘുഗോപാലന് ഓര്‍മ്മ വന്നില്ല.
പിന്നീടാണ് താന്‍ മോതിരം വിഴുങ്ങിയ കാര്യം മാതാപിതാക്കള്‍ പറയാറുണ്ടായിരുന്നുവെന്നത് ഓര്‍മ്മ വന്നത്. എന്നാല്‍ ഒരു വയസുള്ളപ്പോള്‍ വിഴുങ്ങിയ മോതിരം ശ്വാസനാളത്തില്‍ കുടുങ്ങിയിട്ടും ഒരു അത്യാഹിതവും സംഭവിക്കാതിരുന്നത് അത്ഭുതകരമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മുത്തൂറ്റ് മെഡിക്കല്‍ സെന്ററിലെ ന്യൂറോളജിസ്റ്റ് ഡോ. ജിബു കെ ജോണ്‍, ഇ എന്‍ ടി സ്പെഷ്യലിസ്റ്റ് ഡോ. ഫ്രെനി എന്നിവര്‍ ചേര്‍ന്നാണ് മോതിരം പുറത്തെടുത്തത്.
Discussion about this post