ഇരിട്ടി: കണ്ണൂരില്‍ വാതില്‍പ്പടിയില്‍ തലയിടിപ്പിച്ച് മരുമകള്‍ അമ്മായിയമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കരിക്കോട്ടക്കരിയിലെ മറിയക്കുട്ടിയെയാണ് മരുമകള്‍ എല്‍സി കൊലപ്പെടുത്തിയത്. ചക്ക വേവിക്കുന്നതിനെച്ചൊല്ലി തുടങ്ങിയ വഴക്കാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് വിവരം.
ബുധനാഴ്ചയായിരുന്നു സംഭവം. മരണം സംഭവിച്ചിട്ടും ഏറെ നേരം മറിയക്കുട്ടിയുടെ മൃതദേഹം വീട്ടില്‍ത്തന്നെ കിടന്നു. ഭര്‍ത്താവ് മാത്യുവിന്റെ ഫോണ്‍ വന്നപ്പോള്‍ മാത്രമാണു മറിയക്കുട്ടിക്കു പരുക്കേറ്റ വിവരം എല്‍സി പുറംലോകത്തെ അറിയിച്ചത്. ടാപ്പിങ് തൊഴിലാളിയായ മാത്യു പുലര്‍ച്ചെ 4നു ജോലിക്കു പോയാല്‍ വളരെ വൈകിയാണ് വീട്ടിലെത്തുക.
മറിയക്കുട്ടിയും മരുമകള്‍ എല്‍സിയും തമ്മില്‍ വഴക്കു പതിവായിരുന്നു. അതിനാല്‍ അയല്‍ക്കാരും ഇവിടേക്കു ശ്രദ്ധിക്കാറുണ്ടായിരുന്നില്ല. കൃത്യം നടന്ന ബുധനാഴ്ച ഉച്ചയോടെ ചക്ക വേവിക്കുന്നതു സംബന്ധിച്ചാണു തര്‍ക്കം തുടങ്ങിയത്. വഴക്ക് കൂടിയപ്പോള്‍ കസേരയില്‍ നിന്ന് ഊന്നുവടിയുടെ സഹായത്തോടെ എഴുന്നേല്ക്കാന് തുടങ്ങിയ മറിയക്കുട്ടിയെ എല്‍സി തള്ളി താഴെയിടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
മറിയക്കുട്ടി കോണ്‍ക്രീറ്റിന്റെ വാതില്‍പ്പടിയില്‍ തലയിടിച്ചു വീണു. തല പൊട്ടി ചോര ഒഴുകി. എല്‍സി മുറിക്കുള്ളിലേക്കു കയറിയ ശേഷം മറിയക്കുട്ടിയുടെ തലമുടിയില്‍ കുത്തിപ്പിടിച്ച് ഉയര്‍ത്തി വാതില്‍പ്പടിയില്‍ വീണ്ടും ഇടിപ്പിച്ചു. ഇതോടെ മറിയക്കുട്ടിയുടെ ഇടതു കൈ ഒടിയുകയും താടിയെല്ലു തകരുകയും ചെയ്തു.
പിന്നീട് ഭര്‍ത്താവ് വിളിച്ചപ്പോഴാണ് അമ്മ വീണു ചോരയില്‍ കുളിച്ചു കിടക്കുകയാണെന്നും ആശുപത്രിയില്‍ കൊണ്ടുപോകണമെന്നും എല്‍സി പറയുന്നത്. മാത്യു എത്തിയപ്പോഴേക്കും മരണം സംഭവിച്ചു. താന്‍ ചക്ക പറിക്കാന്‍ പോയപ്പോള്‍ എന്തോ വീഴുന്ന ഒച്ച കേട്ടുവെന്നും വന്നു നോക്കുമ്പോള്‍ അമ്മ ഉമ്മറപ്പടിയില്‍ വീണു കിടക്കുന്നതാണു കണ്ടതെന്നുമാണ് എല്‍സി ആദ്യം മാത്യുവിനോടും പൊലീസിനോടും പറഞ്ഞത്.
താന്‍ പിടിച്ചെഴുന്നേല്പിക്കുമ്പോള് വീണെന്നാണു പിന്നീട് പൊലീസിനോടു പറഞ്ഞത്. എന്നാല്‍ സംശയം തോന്നിയ പൊലീസ് സംഘം വിരലടയാള വിദഗ്ധരുടെയും ഡോഗ് സ്ക്വാഡിന്റെയും സഹായം തേടി. റൂറല്‍ എസ്പി നവനീത് ശര്‍മയും ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴാളപ്പിലും സംഭവ സ്ഥലം സന്ദര്‍ശിച്ചു.
വീട്ടില്‍ ഉച്ച മുതല്‍ ബഹളം കേട്ടതായി അയല്‍വാസികള്‍ പറഞ്ഞതോടെ എല്‍സിയെ കസ്റ്റഡില്‍ എടുത്തു. മറിയക്കുട്ടി സ്വയം വീണതാണെന്ന മൊഴിയില്‍ ആദ്യം ഉറച്ചുനിന്നെങ്കിലും മുറിവുകളുടെ സ്വഭാവവും മൊഴിയിലെ വൈരുദ്ധ്യവും അയല്‍വാസികളുടെ മൊഴിയും ചൂണ്ടിക്കാട്ടി പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെ കൊലപാതകമെന്നു വെളിപ്പെടുത്തി.
Discussion about this post