വിഴിഞ്ഞം: എസ്ബിഐ ബാങ്കിൽനിന്നു ജോലികഴിഞ്ഞ് പുറത്തിറങ്ങിയ ജീവനക്കാരിയായ ഭാര്യയെ ഭർത്താവ് നടുറോഡിൽ കുത്തിവീഴ്ത്തി. കല്ലമ്പലം സ്വദേശിനിയും എസ്ബിഐയുടെ വിഴിഞ്ഞം ശാഖ സബ് സ്റ്റാഫുമായ സിനി എസ്‌കെ(49)യാണ് ആക്രമിക്കപ്പെട്ടത്. ഇവരുടെ ഭർത്താവ് സുഗതീശ(52)നാണ് കുത്തിപ്പരിക്കേൽപ്പിച്ചത്.
വലതുകൈയിലും വയറിലും കുത്തേറ്റ ഇവരെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച വൈകീട്ട് 5.15ഓടെ എസ്ബിഐയുടെ വിഴിഞ്ഞം ശാഖയുടെ മുമ്പിലാണ് സംഭവം. ബാങ്കിന്റെ മുന്നിലുളള എടിഎം കൗണ്ടറിനു സമീപം മറഞ്ഞുനിന്ന ഭർത്താവ് ഓടിയെത്തി കുത്തുകയായിരുന്നു.
ആക്രമണം തടയാൻ ശ്രമിച്ചപ്പോൾ വലതുകൈയ്ക്ക് ആദ്യം കുത്തേറ്റു. തുടർന്ന് ഇവരുടെ വയറിലും കുത്തി. റോഡിലേക്കു മറിഞ്ഞുവീണ സിനിയെ ഇയാൾ വീണ്ടും പലതവണ കുത്തി പരിക്കേൽപ്പിച്ചു. ഇവരുടെ നിലവിളികേട്ട് ബാങ്ക് ജീവനക്കാരും റോഡിലുണ്ടായിരുന്നവരും ഇവരെ താങ്ങിയെടുത്തു. ഓടിപ്പോകാൻ ശ്രമിച്ച സുഗതീശനെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി.
കല്ലമ്പലത്തു താമസിക്കുന്ന സിനി ഭർത്താവിന്റെ ഉപദ്രവം സഹിക്കാനാകാതെ വന്നതോടെയാണ് എസ്ബിഐ വിഴിഞ്ഞം ശാഖയിലേക്കു സ്ഥലംമാറ്റം വാങ്ങിയെത്തിയത്. തുടർന്ന് വെങ്ങാനൂരിൽ വീട് എടുത്ത് മകനോടൊപ്പം താമസിച്ചുവരികയായിരുന്നു.
മദ്യത്തിന് അടിമയായ സുഗതീശന് അടുത്തിടെ വാഹനാപകടത്തിൽ പരിക്കേറ്റതോടെ സിനി എല്ലാം മറന്ന് സുഗതീശനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നിരുന്നു. കരൾരോഗം ബാധിച്ചതിനാൽ മറ്റു ജോലികൾ ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് ഇയാൾ. ഇതേ തുടർന്ന് സുഹൃത്തുക്കളിൽനിന്നു പണം കടമെടുത്ത് സുഗതീശന് വെങ്ങാനൂരിൽ ഒരു ബ്രോയിലർ ചിക്കൻകട തുറന്നുകൊടുത്തിരുന്നു. എന്നാൽ, തുടർന്നും മദ്യപാനം തുടങ്ങിയതോടെ സിനിയുടെ ജീവിതം തന്നെ വഴിമുട്ടിയ അവസ്ഥയിലായി. ഇയാളുടെ ഉപദ്രവം കൂടി വന്നതോടെ സിനി വിഴിഞ്ഞം പോലീസിൽ പരാതി നൽകി.
പോലീസ് നിർദേശിച്ചത് അനുസരിച്ച് സുഗതീശൻ ഇവിടംവിട്ട് സ്വന്തം നാടായ കല്ലമ്പലത്തേക്കു മടങ്ങി. തുടർന്ന് ഇയാളുടെ പേരിലുളള വസ്തു വിൽക്കാൻ ശ്രമിച്ചു. ഇതറിഞ്ഞ സിനി വിൽപ്പന തടയാൻ സ്റ്റേ വാങ്ങി. ശനിയാഴ്ചയാണ് ഇയാൾക്ക് കോടതിയിൽനിന്ന് അറിയിപ്പ് ലഭിക്കുന്നത്. ഇതറിഞ്ഞ് പ്രകോപിതനായ സുഗതീശൻ സിനിയെ കുത്തിവീഴ്ത്തുകയായിരുന്നു. ഇയാൾ തന്നെയാണ് പോലീസിനോട് ഇക്കാര്യം ഏറ്റുപറഞ്ഞിരിക്കുന്നത്. സംഭവത്തിൽ വിഴിഞ്ഞം പോലീസ് കേസെടുത്തു.
Discussion about this post