ആലുവ: നിസാമുദ്ദീന്‍ – എറണാകുളം മില്ലേനിയം എക്സ്പ്രസ് ട്രെയിനില്‍ രണ്ട്
മലയാളി കുടുംബങ്ങളെ കൊള്ളയടിച്ചു. മൂവാറ്റുപുഴ സ്വദേശി മനു സെബാസ്റ്റ്യന്റെ കുടുംബവും ഭാരതീയ ദളിത് അക്കാഡമി സൗത്ത് ഇന്ത്യ സെക്രട്ടറി ഇടുക്കി നെടുങ്കണ്ടം മാവടി കിഴക്കേതില്‍ രാധ പ്രഭാകരനുമാണ് ഒരേ ട്രെയിനില്‍ അടുത്തടുത്ത കമ്പാര്‍ട്ടുമെന്റുകളിലായി കൊള്ളടയിക്കപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ നാഗ്പൂരിനടുത്ത് വച്ചാണ് സംഭവം.
40,000 രൂപ, സ്വര്‍ണ വളകള്‍, മോതിരം, നാല് മൊബൈല്‍ ഫോണ്‍, എടിഎം കാര്‍ഡ്, പാന്‍കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, ഐഡി കാര്‍ഡ് എന്നിവയടങ്ങിയ ബാഗാണ് മനു സെബാസ്റ്റ്യന്‍ നഷ്ടമായത്. 2000 രൂപ, രണ്ട് മൊബൈല്‍ ഫോണ്‍, മൂന്ന് എടിഎം കാര്‍ഡ്, പാന്‍, ആധാര്‍, ഐഡി കാര്‍ഡുകള്‍ എന്നിവയാണ് രാധ പ്രഭാകരനില്‍ നിന്ന് കവര്‍ന്നത്.
ഉത്തര്‍പ്രദേശിലെ ലളിതപൂര് ജില്ലയില്‍ മെഹ്റോണി എന്ന സ്ഥലത്തെ ഗവ. ആശുപത്രിയിലെ നഴ്സാണ് മനു സെബാസ്റ്റ്യനും ഭാര്യ പ്രിയങ്കയും. അവധിക്ക് നാട്ടിലേക്ക് വരികയായിരുന്ന ഇവര്‍ക്കൊപ്പം മനുവിന്റെ മാതാവ് ലൂസി സെബാസ്റ്റ്യനും മകന് ഒഫീദും ഉണ്ടായിരുന്നു. 11ന് ഉച്ചയ്ക്ക് ജാന്‍സി സ്റ്റേഷനില്‍ നിന്നാണ് ഇവര്‍ ട്രെയിന്‍ കയറിയത്. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ ട്രെയിന്‍ നാഗ്പൂരിലെത്തി. നാഗ്പൂര്‍ സ്റ്റേഷന് വിട്ട് പത്ത് മിനിറ്റ് കഴിഞ്ഞതോടെ ട്രെയിന്‍ സിഗ്നല്‍ ലഭിക്കാതെ നിന്നപ്പോഴായിരുന്നു കവര്‍ച്ച.
ട്രെയിനിലുണ്ടായിരുന്ന രണ്ട് യുവാക്കളാണ് കവര്‍ച്ചയ്ക്ക് പിന്നില്‍. ഒരാള്‍ നിര്‍ത്തിയിട്ട ട്രെയിനിന്റെ വാതിലിന് സമീപവും മറ്റൊരാള്‍ മനുവിന്റെ കമ്പാര്‍ട്ടുമെന്റിന് സമീപവും നില്‍ക്കുകയായിരുന്നു. ട്രെയിന്‍ വിടുന്നതിന് സിഗ്നല്‍ ലഭിച്ചതോടെ സമീപം നിന്നയാള്‍ ഭാര്യയുടെ കൈവശമിരുന്ന ബാഗ് ബലപ്രയോഗത്തിലൂടെ തട്ടിയെടുത്ത് ഓടുകയായിരുന്നു. പ്രതികള്‍ ചാടിയിറങ്ങിയതോടെ ട്രെയിന്‍ വേഗത്തിലായി.
ആക്രമണ ഭീതിയിലും ട്രെയിന്‍ വേഗത്തിലായതിനാലും കവര്‍ച്ചക്കാര്‍ക്ക് പിന്നാലെ ഇറങ്ങാന്‍ കഴിഞ്ഞില്ലെന്ന് മനു സെബാസ്റ്റ്യന്‍ പറഞ്ഞു. തുടര്‍ന്ന് റെയില്‍വേയുടെ എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് കവര്‍ച്ച വിവരം ധരിപ്പിച്ചു. പിന്നീട് ബല്ലാര്‍ഷ, വിജയവാഡ സ്റ്റേഷനുകളില്‍ നിന്നും പോലീസ് ട്രെയിനില്‍ കയറി വിവരങ്ങള്‍ തിരക്കിയശേഷം യാത്ര അവസാനിപ്പിക്കുന്ന ആലുവ സ്റ്റേഷനില്‍ പരാതി നല്കാന് നിര്‍ദ്ദേശിച്ചു.
ഇന്ന് രാവിലെ അഞ്ച് മണിയോടെ ആലുവയില്‍ ആര്‍പിഎഫിന് പരാതി നല്കിയ ശേഷം എറണാകുളം സൗത്തില്‍ റെയില്‍വേ പോലീസിനും ഇരുവരും പരാതി നല്കി. ദളിത് സാഹിത്യ അക്കാഡമിയുടെ ഡല്‍ഹിയില്‍ നടന്ന അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു രാധ പ്രഭാകരന്. അക്കാഡമിയുടെ സതേണ്‍ ജനറല്‍ സെക്രട്ടറി ബാബു ജോര്‍ജ് വട്ടോളിയും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.
Discussion about this post