തൊടുപുഴ: തൊടുപുഴ നഗരസഭയിലെ ബിജെപി കൗൺസിലറുടെ വീട്ടിൽ വൻ വൈദ്യുതി മോഷണം. ഒരു വീട്ടിലെ കണക്ഷനിൽ നിന്നും മറ്റ് രണ്ട് വീടുകളിലേക്ക് വൈദ്യുതി മോഷ്ടിച്ചത് വിജിലൻസ് പിടികൂടി പിഴിയീടാക്കുകയായിരുന്നു. 82000 രൂപയാണ് പിഴയായി ഈടാക്കിയിരിക്കുന്നത്. ന്യൂമാൻ കോളെജ് വാർഡ് കൗൺസിലർ ശ്രീലക്ഷ്മി കെ സുദീപിന്റെ വീട്ടിലാണ് വൈദ്യുതി മോഷണം നടന്നത്.
ശ്രീലക്ഷ്മിയുടെ അച്ഛൻ തൊടുപുഴ മുതലിയാർ മഠം കാവുക്കാട്ട് കെആർ സുദീപിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലേക്കുള്ള വൈദ്യുതി കണക്ഷനിൽ നിന്ന് സമീപത്തെ ഇവരുടെ രണ്ട് വീടുകളിലേക്കും വൈദ്യുതി മോഷ്ടിക്കുകയായിരുന്നു. മീറ്റർ വെയ്ക്കാതെ അനധികൃതമായി രണ്ട് കേബിൾ വലിച്ചായിരുന്നു വൈദ്യുതി മോഷണം.
ശ്രീലക്ഷ്മിയുടെ വീട്ടിലെ വൈദ്യുതി മോഷണത്തെ കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് എത്തിയ ആന്റി പവർ തെഫ്റ്റ് വിജിലൻസ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് വൈദ്യുതി മോഷണം കണ്ടെത്തിയത്.
വൈദ്യുതി മോഷണത്തിന് 62000 രൂപയും കോംപൗണ്ടിംഗ് ചാർജ് ഇനത്തിൽ 20000 രൂപയും ചേർത്ത് 82000 രൂപയാണ് പിഴയടച്ചത്. എന്നുമുതലാണ് വൈദ്യുതി മോഷണം തുടങ്ങിയതെന്ന് വ്യക്തമല്ല. പരമാവധി ആറ് മാസത്തെ ഉപയോഗം കണക്കാക്കി പിഴ ഇടക്കാൻ മാത്രമാണ് നിലവിലെ നിയമം.
Discussion about this post