കൊപ്പം: നിന്ന നില്പില് വീട് ഉയര്‍ത്തുന്നത് സാങ്കേതികവിദ്യയുണ്ടെങ്കിലും നമ്മുടെ നാട്ടില്‍ സുപരിചിതമാകുന്നേയുള്ളൂ. എന്നാല്‍ കുലുക്കല്ലൂര്‍ ഗ്രാമവാസികള്‍ അത് നേരിട്ട് കണ്ടുകൊണ്ട് അറിയുകയാണ് ആ വിദ്യ. കുലുക്കല്ലൂര്‍ പഞ്ചായത്തിലെ മക്കര പുത്തന്‍വീട്ടില്‍ നാരായണന്റെ 1,500 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഇരുനില വീടിനെ നിന്ന നില്പ്പില് നിന്നും 3 അടിയോളം ഉയര്‍ത്തിയിരിക്കുകയാണ്.
കഴിഞ്ഞ രണ്ടു പ്രളയത്തിലും വീട്ടിലേക്കു വെള്ളം കയറിയിരുന്നു. ദിവസങ്ങളോളം വീട് വെള്ളത്തിനടിയിലായി. സമീപത്തെ തോട് കരകവിഞ്ഞ് കഴിഞ്ഞ മഴക്കാലത്തും മുറ്റം വരെ വെള്ളം എത്തി. പ്രളയ ഭീഷണിയില്‍നിന്നു കരകയറാന്‍ എന്തു മാര്‍ഗം എന്ന അന്വേഷണത്തിലായിരുന്നു നാരായണനും കുടുംബവും.
അങ്ങനെ ഹരിയാനയിലെ ‘ആശീര്‍വാദ്’ ഹൗസ് ലിഫ്റ്റിങ് കമ്പനിയെക്കുറിച്ചു വിവരം ലഭിച്ചു. കമ്പനി അധികൃതര്‍ വീടിന്റെ അവസ്ഥ വിലയിരുത്തി കരാര്‍ ഏറ്റെടുത്തു. ചുമരിനും ജനാലകള്‍ക്കും കോണിപ്പടിക്കും അടക്കം ഒരു കേടും സംഭവിക്കാതെയാണ് 1500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള, 18 വര്‍ഷം പഴക്കമുള്ള വീട് ഉയര്‍ത്തിയത്.
കഴിഞ്ഞ മാസം 18നാണു പ്രവൃത്തി ആരംഭിച്ചത്. മൂന്നു മാസത്തിനകം വീട് ഉയര്‍ത്തി നല്‍കാമെന്നാണു കരാര്‍. മൂന്നര ലക്ഷം രൂപയാണു ചെലവ്. കൗതുക സംഭവം കാണാന്‍ പരിസര പ്രദേശങ്ങളില്‍ നിന്ന് ഉള്‍പ്പെടെ ഒട്ടേറെ പേരാണ് ഇവിടെ എത്തുന്നത്.
നൂറ്റിയന്‍പതിലേറെ ഇരുമ്പ് ജാക്കികളുടെ സഹായത്തോടെയായിരുന്നു പ്രവൃത്തി. വീടിന്റെ നാലു ഭാഗവും ജാക്കികള്‍ സ്ഥാപിച്ച് ചുമര് തറയില്‍നിന്ന് ഉയര്‍ത്തിയിരിക്കുകയാണ്. ഉയര്‍ത്തിയ ഭാഗത്ത് വെട്ടുകല്ല് ഉപയോഗിച്ചു പടവു പൂര്‍ത്തിയാക്കി ജാക്കികള്‍ അഴിച്ചെടുക്കും.
വീടിന്റെ നാലുഭാഗവും ഒരേ അളവില്‍ ഉയര്‍ത്തിക്കഴിഞ്ഞു. നിലംപണി വരുമെങ്കിലും വീട് പൊളിക്കാതെ തറനിരപ്പില്‍ നിന്നും ഉയര്‍ത്തുന്നതിനാല്‍ സാമ്പത്തികമായി വലിയൊരു സംഖ്യ ലാഭിക്കാമെന്ന് നാരായണന് പറയുന്നു.
കഴിഞ്ഞമാസം ഫറോക്ക് ചുങ്കത്ത് ഇരുനില വീട് ഉയര്‍ത്തുന്നതിനിടെ നിലംപൊത്തിയിരുന്നു. മങ്കുഴിപ്പൊറ്റ പാലശ്ശേരി ഹനീഫയുടെ വീടാണ് ഉയര്‍ത്തല്‍ ശ്രമത്തിനിടെ തകര്‍ന്നത്.
തറയുടെ എല്ലാ ഭാഗത്തും ജാക്കി വെക്കുന്ന ജോലി അവസാനഘട്ടത്തിലായിരുന്നു. നൂറില്‍പ്പരം ജാക്കികള്‍ ഇത്തരത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴ കാരണം താഴ്ന്ന പ്രദേശമായ ഇവിടെ വെള്ളം നിറഞ്ഞ് മണ്ണ് കുതിര്‍ന്ന് ഒരു വശത്തെ ജാക്കികള്‍ സ്ഥാനം മാറിയാണ് അപകടമുണ്ടായത്.
Discussion about this post