കോഴിക്കോട്: നിലമ്പൂർ എംഎൽഎ പിവി അൻവറിനെതിരെ കോൺഗ്രസ് പ്രവർത്തകർ ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി എംഎൽഎ തന്നെ രംഗത്ത്. ഘാനയിലെ ജയിലിലാണെന്ന പ്രചാരണങ്ങൾ നടത്തുന്ന കോൺഗ്രസ് പ്രവർത്തകരോട് നിങ്ങൾക്ക് ആളുമാറി പോയെന്നും ഉടനെ തിരിച്ചുവരാമെന്നും പിവി അൻവർ മറുപടി നൽകുന്നു.
പിവി അൻവർ എംഎൽഎയെ വിട്ടുതരണമെന്നാവശ്യപ്പെട്ട് ഘാന പ്രസിഡന്റിന്റെ ഫേസ്ബുക്ക് പേജിൽ കോൺഗ്രസ് പ്രവർത്തകർ പൊങ്കാലയിട്ട് അഴിഞ്ഞാടിയിരുന്നു. ഇതിനുള്ള മറുപടി നൽകുകയായിരുന്നു അദ്ദേഹം.
‘ഘാനയിൽ ജയിലിൽ ആണത്രേ!! ആഗ്രഹങ്ങൾ കൊള്ളാം.. പക്ഷേ,ആളുമാറി പോയി.. ലേറ്റായി വന്താലും ലേറ്റസ്റ്റായ് വരവേ.. വെയ്റ്റ്’-ഫേസ്ബുക്ക് പോസ്റ്റിലൂടെ എംഎൽഎ പ്രതികരിച്ചു. ഘാനയുടെ പ്രസിഡന്റ് നാന അഡോ ഡാൻങ്ക്വേ അകുഫോ അഡ്ഡോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് അൻവർ എംഎൽഎയെ വിട്ടുതരണമെന്ന കമന്റുമായി കോൺഗ്രസ് പ്രവർത്തകർ എത്തിയത്.
അൻവറിനെ കാണാനില്ലെന്ന് കാട്ടി ഒരാഴ്ച മുമ്പ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നിലമ്പൂർ പോലീസിൽ പരാതി നൽകിയിരുന്നു. പരാതിക്കാരെല്ലാം ക്ഷമിക്കണം, താൻ ആഫ്രിക്കയിലാണെന്നാണ് അന്ന് പിവി അൻവർ മറുപടി നൽകിയത്.
‘പൊതുപ്രവർത്തകൻ എന്നതിനൊപ്പം താനൊരു ബിസിനസ്‌കാരൻ കൂടിയാണ്. രാഷ്ട്രീയപ്രവർത്തനമല്ല തന്റെ വരുമാനമാർഗം. അലവൻസിനെക്കാൾ ഏറിയ തുക ഓരോമാസവും ചെലവഴിക്കേണ്ടിവരുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ തിരക്കിന് ശേഷം ബിസിനസ് ആവശ്യത്തിനാണ് വിദേശത്തേക്ക് വന്നത്’-പിവി അൻവർ മറുപടിയിൽ വ്യക്തമാക്കിയിരുന്നു.
ഘാനയിൽ ജയിലിൽ ആണത്രേ!!
ആഗ്രഹങ്ങൾ കൊള്ളാം..
പക്ഷേ,ആളുമാറി പോയി..
ലേറ്റായി വന്താലും
ലേറ്റസ്റ്റായ് വരവേ..വെയ്റ്റ്
Posted by PV ANVAR on Friday, 5 February 2021
ഇതിനിടെയാണ് സോഷ്യൽമീഡിയ കോൺഗ്രസ് പ്രവർത്തകർ പടക്കളമാക്കിയത്. ഘാന പ്രസിഡൻറിന്റെ പോസ്റ്റിന് താഴെ മലയാളത്തിലാണ് കൂടുതൽ കമന്റുകളും. ‘ഞങ്ങളുടെ അൻവർ എംഎൽഎയെ വിട്ടുതരൂ, തോളിൽ ചളി പുരണ്ട് തോർത്തിട്ടയാൾ അങ്ങോട്ട് വന്നിരുന്നു. അയാളെ വിട്ടുതരണം, ഇനിയൊരു യുദ്ധം അൻവറിന് വേണ്ടിയുള്ളതാകും, ജപ്പാനിൽ നിന്നും കാർമേഘം എത്തിക്കാൻ ആകെയുള്ള ഒരാളാണ് അദ്ദേഹം, രണ്ടടി കൊടുത്തിട്ടെങ്കിലും തുറന്ന് വിടൂ.’- ഇങ്ങനെയാണ് കമന്റുകൾ.