കോഴിക്കോട്: കത്വ കേസ് നടത്തിപ്പിനായും മറ്റും മുസ്ലിം യൂത്ത് ലീഗ് പിരിച്ച പണം ചെലവഴിച്ചതിന്റെ കണക്ക് വെളിപ്പെടുത്താൻ ആവശ്യപ്പെട്ട ഡിവൈഎഫ്‌ഐയ്ക്ക് മറുപടിയുമായി സംഘടനാ നേതൃത്വം. കത്വ കേസിൽ ഇരയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകൻ പഞ്ചാബ് സ്വദേശി മുബീൻ ഫാറൂഖിയെ പത്രസമ്മേളനത്തിൽ ഹാജരാക്കിയാണ് മുസ്‌ലിം യൂത്ത് ലീഗ് നേതൃത്വം ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമിന്റെ ആരോപണങ്ങൾക്ക് മറുപടി നൽകിയത്.
കത്വ കേസ് നടത്തിപ്പിന് പിരിച്ച പണം എന്തുചെയ്‌തെന്നും ഏത് അഭിഭാഷകനെയാണ് നിയോഗിച്ചതെന്നും യൂത്ത് ലീഗ് വ്യക്തമാക്കണമെന്ന് എഎ റഹീം ആവശ്യപ്പെട്ടിരുന്നു. പിന്നാലെ പത്രസമ്മേളനത്തിന് എത്തിയ മുബീൻ ഫാറൂഖി കത്വ കേസ് രാഷ്ട്രീയ വാഗ്വാദങ്ങൾക്ക് കാരണമാക്കരുതെന്ന് ആവശ്യപ്പെട്ടു. മലയാളി സമൂഹത്തിൽ നിന്ന് കേസിന് വലിയ പിന്തുണയാണ് ലഭിച്ചത്. യൂത്ത് ലീഗാണ് കേസ് നടത്തിപ്പിനായി മുൻകൈയെടുത്തതും പ്രഗത്ഭരായ അഭിഭാഷകരെ ഏർപ്പാടാക്കിയതും. പഞ്ചാബ് ഹൈക്കോടതിയിൽ കേസ് നടന്നുവരികയാണ്. ഈ ഘട്ടത്തിൽ രാഷ്ട്രീയപ്രേരിതമായി കേസ് നടത്തിപ്പിനെ വിവാദമാക്കരുതെന്നും ഫാറൂഖി പറഞ്ഞു.
കത്വ കേസിൽ അഭിഭാഷകർക്കായി 9.35 ലക്ഷം രൂപ ചെലവഴിച്ചെന്ന് യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സികെ സുബൈർ വ്യക്തമാക്കുകയും ചെയ്തു. ആദ്യഘട്ടത്തിൽ കെകെ പുരി, ഹർഭജൻ സിങ്ങ്, പങ്കജ് തിവാരി എന്നീ അഭിഭാഷകരെയാണ് നിയോഗിച്ചത്. ഹൈക്കോടതിയിൽ എസ്എസ് ബസ്ര, മൻവീന്ദർ സിങ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വാദിക്കുന്നത്. കേസ് നടത്തിപ്പ് ഏകോപിപ്പിച്ചത് മുബീൻ ഫാറൂഖിയാണെന്നും യൂത്ത് ലീഗ് അറിയിച്ചു.
കത്വ കേസിൽ എന്ത് ഇടപെടലാണ് ഡിവൈഎഫ്‌ഐ നടത്തിയതെന്ന് റഹീം വ്യക്തമാക്കണം. ഡൽഹി കലാപത്തിൻറെ പേരിൽ പിരിച്ച ഫണ്ടിനെക്കുറിച്ച് സിപിഎം. വിശദീകരിക്കണം. വാട്‌സ്ആപ്പ് ഹർത്താലിൽ നഷ്ടപരിഹാരത്തിനായി മന്ത്രി കെടി ജലീൽ നടത്തിയ പരിവിന്റെ കണക്കും പുറത്തുവിടണമെന്നും സുബൈർ ആവശ്യപ്പെട്ടു.
Discussion about this post