മലപ്പുറം: മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച പരിപാടിയിൽ ഹഗിയ സോഫിയ സ്മാരകം മുസ്ലിം പള്ളിയാക്കി മാറ്റിയതിനെ കുറിച്ച് സംസാരിക്കുന്നതിനിടെ ക്രിസ്ത്യൻ ദേവാലയങ്ങൾ മദ്യശാലകളായിട്ടുണ്ടെന്ന് പ്രസംഗിച്ച് ചാണ്ടി ഉമ്മൻ വിവാദകുരുക്കിൽ. ചാണ്ടി ഉമ്മന്റെ പ്രസംഗത്തിനെതിരെ കെസിബിസി രംഗത്തെത്തിയതോടെ പരസ്യമായ ഖേദപ്രകടനവുമായി അദ്ദേഹം രംഗത്തെത്തി. ഹഗിയ സോഫിയ ആണെങ്കിലും ഹലാൽ ആണെങ്കിലും അത്തരം വിഷയങ്ങൾ ഉപയോഗിച്ച് നമ്മളെ ഭിന്നിപ്പിക്കാൻ ശ്രമിച്ചു എന്നാണ് താൻ പറയാൻ ശ്രമിച്ചതെന്ന് ചാണ്ടി ഉമ്മൻ ഫേസ്ബുക്ക് ലൈവിലൂടെ പ്രതികരിച്ചു.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരത്തിന് ഇറങ്ങാൻ ചാണ്ടി ഉമ്മൻ ശ്രമിക്കുന്നതിനിടെയാണ് പ്രസംഗം വിവാദമായിരിക്കുന്നത്. കെസിബിസി അടക്കമുള്ള ക്രിസ്ത്യൻ സംഘടനകളുടെ എതിർപ്പിനെ തുടർന്നാണ് വിശദീകരണവുമായി ചാണ്ടി ഉമ്മൻ രംഗത്തെത്തിയിരിക്കുന്നത്.
ഹലാൽ സ്റ്റിക്കർ വിവാദത്തിൽ യൂത്ത് ലീഗ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു തുർക്കിയിലെ ചരിത്ര പ്രസിദ്ധമായ ഹാഗിയ സോഫിയ പള്ളി പൊളിച്ച് മുസ്ലീം പള്ളിയാക്കിയിട്ടുണ്ടെന്നും യൂറോപ്പിൽ പള്ളികൾ ഡാൻസ് ബാറുകൾ വരെയായിട്ടും ആർക്കും ഒരു പ്രശ്‌നവുമില്ലെന്നും ചാണ്ടി ഉമ്മൻ വിശദീകരിച്ചത്.
അതേസമയം, 12 ദിവസം മുൻപ് നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗം വെട്ടിയെടുത്ത് ചിലർ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുകയാണെന്നാണ് ചാണ്ടി ഉമ്മൻ ആരോപിക്കുന്നത്. താൻ പ്രസംഗിച്ചതിൽ പാകപ്പിഴയുണ്ടായി. ഒരു മതത്തേയോ സഭാ സമൂഹത്തെയോ അപമാനിക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല. ഫേക്ക് എന്ന് പറയാൻ വിട്ടുപോയി. അതിലുള്ള ഖേദവും വിഷമവും ഞാൻ പ്രകടിപ്പിക്കുകയാണ്. അതൊരിക്കലും മതസമൂഹത്തെ ആക്ഷേപിക്കാൻ വേണ്ടിയുള്ളതല്ലെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.
ഇവിടെയെല്ലാവരും ഒരുപോലെ ജീവിക്കണം എന്നാണെന്റെ ആഗ്രഹം. മനസുനൊന്തവരോട് നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു. ഹഗിയ സോഫിയ ആണെങ്കിലും ഹലാൽ ആണെങ്കിലും അത്തരം വിഷയങ്ങൾ ഉപയോഗിച്ച് നമ്മളെ ഭിന്നിപ്പിക്കാൻ ശ്രമിച്ചു എന്നാണ് ഞാൻ പറഞ്ഞത്. അതിലെ ന്യായ അന്യായങ്ങൾ പറയാൻ ഞാൻ ആഗ്രഹിച്ചില്ല.-ചാണ്ടി ഉമ്മൻ പ്രതികരിച്ചു.
നേരത്തെ, അറിയേണ്ട ചരിത്രം അറിയേണ്ട വിധം അറിഞ്ഞിരിക്കാൻ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചിരിക്കുന്ന യുവ നേതാക്കൾ ശ്രദ്ധിക്കണമെന്ന് കെസിബിസി വിമർശിച്ചിരുന്നു. തുർക്കിയിലെ ഹഗിയ സോഫിയ കത്തീഡ്രൽ മോസ്‌ക് ആക്കി മാറ്റിയ ഭരണാധികാരി എർദോഗന്റെ പ്രവൃത്തിയെ പ്രകീർത്തിച്ച് ചന്ദ്രികയിൽ മുഖലേഖനമെഴുതിയ വ്യക്തിയെ ന്യായീകരിക്കുന്നതിന് വേണ്ടി യൂറോപ്പിലെ പല പള്ളികളും വിൽക്കപ്പെടുന്നതിനേയും നടത്തുന്നതിനേയും അവ വ്യാപാരശാലകളായി മാറ്റുന്നതിനേയും ഒരുമിച്ച് ചേർത്തു ചാണ്ടി ഉമ്മൻ വ്യാഖ്യാനിച്ചെന്നും ഇത് ക്രൈസ്തവ സമൂഹത്തിന് വേദനയുളവാക്കുന്നതാണെന്നും കെസിബിസി കുറ്റപ്പെടുത്തിയിരുന്നു.
ഹഗിയ സോഫിയ കത്തീഡ്രൽ വീണ്ടും മുസ്ലീം പള്ളിയാക്കി മാറ്റിയതിൽ സന്തോഷം പ്രകടിപ്പിച്ച് മുസ്ലീം ലീഗ് സംസ്ഥാന ഉന്നതതല സമിതി അംഗം സാദിഖ് അലി ശിഹാബ് തങ്ങൾ ചന്ദ്രികയിലെഴുതിയ ലേഖനം വിവാദമായിരുന്നു. ഇതിനേയും കെസിബിസി വിമർശിക്കുന്നു.
തുർക്കി ഭരണാധികാരി, ചരിത്ര സ്മാരകത്തെ വീണ്ടും മോസ്‌ക് ആക്കി മാറ്റിയത് ക്രൈസ്തവ സമൂഹത്തിന് അപരിഹാര്യമായ മുറിവാണുണ്ടാക്കിയരിക്കുന്നതെന്ന് അറിയാത്തവരാണോ ഇവിടുത്തെ രാഷ്ട്രീയ നേതൃത്വം? തുർക്കി ഭരണാധികാരി ബോധപൂർവ്വം ചരിത്രത്തെ അവഹേളിച്ചുകൊണ്ട് ചെയ്ത ക്രൈസ്തവ വിരുദ്ധ നടപടിയെ അപക്വമായ വർത്തമാനത്തിലൂടെ വെള്ളപൂശാൻ ശ്രമിക്കുന്നതിന്റെ ലക്ഷ്യമെന്താണ്?- കെസിബിസി ചാണ്ടി ഉമ്മനെ ചോദ്യം ചെയ്യുന്നു.
യൂത്ത് ലീഗിന്റെ ഇൻസൈറ്റ് 2021 പരിപാടിക്കിടെ ചാണ്ടി ഉമ്മൻ നടത്തിയ പ്രസംഗത്തിനിടെ ക്രിസ്ത്യൻ ഐഡികൾ ഉപയോഗിച്ച് സിപിഎം മുസ്ലീം വിരുദ്ധ പ്രചരണം നടത്തുകയാണെന്ന് ചാണ്ടി ഉമ്മൻ ആരോപിച്ചിരുന്നു. ഇതിനോടൊപ്പമായിരുന്നു ഹഗിയ സോഫിയ വിവാദത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയത്.
Discussion about this post