കോട്ടയം: ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ നാട്ടിലേക്ക് പോകാനറിയാതെ കുഞ്ഞുമായി അഭയകേന്ദ്രത്തില്‍ കഴിഞ്ഞ യുവതി വര്‍ഷങ്ങള്‍ക്ക് ശേഷം കുടുംബത്തിന്റെ തണലില്‍. ബൃഹസ്പദി(24)യും നാലുവയസുകാരന് ഓംകാ(4)റുമാണ് 8 വര്‍ഷങ്ങള്‍ക്ക് ശേഷം വീട്ടുകാരുടെ അടുത്തേക്ക് എത്തിയത്.
എട്ട് വര്‍ഷമായി ഗാന്ധിനഗര്‍ സാന്ത്വനത്തിന്റെ സംരക്ഷണത്തില്‍ കഴിയുകയായിരുന്നു
മധ്യപ്രദേശിലെ മണ്ഡല് ജില്ലയില്‍ നിന്നുള്ള ബൃഹസ്പദിയും കുഞ്ഞും. ഇരുവരെയും കഴിഞ്ഞദിവസം ബൃഹസ്പദിയുടെ അച്ഛന് രത്തിറാം എത്തി കൂട്ടിക്കൊണ്ടു പോയി.
വര്‍ഷങ്ങളായി മകളെ തേടി കേരളത്തിലും തമിഴ്നാട്ടിലും അലഞ്ഞ ശേഷമാണ് രത്തിറാം ഗാന്ധിനഗര്‍ സാന്ത്വനത്തില്‍ എത്തിയത്. സാന്ത്വനം ഡയറക്ടര്‍ ആനി ബാബുവും ഇവിടത്തെ അന്തേവാസിയായ സുമനുമാണ് ഈ സ്നേഹസമാഗമം സാധ്യമാക്കിയത്.
ബൃഹസ്പദിയ്ക്ക് എഴുത്തും വായനയും അറിയില്ല. മധ്യപ്രദേശ് സ്വദേശിയായ മനോഹറാണ് ബൃഹസ്പദിയെ വിവാഹം കഴിച്ചത്. ഏലപ്പാറയിലെ ഏലത്തോട്ടത്തില്‍ തൊഴിലാളിയായിരുന്നു മനോഹര്‍. ഏലത്തോട്ടത്തില്‍ വച്ചാണു ബൃഹസ്പദി ആണ്‍കുഞ്ഞിനെ പ്രസവിക്കുന്നത്.
തുടര്‍ന്നു മനോഹര്‍ നാട്ടുകാരുടെ സഹായത്തോടെ അമ്മയെയും കുഞ്ഞിനെയും ആശുപത്രിയില്‍ എത്തിച്ചു മുങ്ങുകയായിരുന്നു. 10 ദിവസമായിട്ടും ആരും തേടി വരാതിരുന്നതോടെ ആശുപത്രി അധികൃതര്‍ സാന്ത്വനത്തിലേക്കു മാറ്റി. പലയിടത്തും അന്വേഷിച്ചെങ്കിലും മനോഹറിനെ കണ്ടെത്താനായില്ല.
മധ്യപ്രദേശിലെ സ്വന്തം വീട്ടിലേക്കുള്ള വഴി അറിയാത്തതിനാല്‍ തിരികെ പോകാന്‍ കഴിഞ്ഞില്ല. മകളെയും മരുമകനെയും കാണാതെ വന്നതോടെ രത്തിറാം ഇവരെ അന്വേഷിച്ചു കേരളത്തിലെത്തിയിരുന്നു. ഇടുക്കി, കോട്ടയം ജില്ലകളില്‍ മാസങ്ങളോളം ചെലവിട്ടെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നു തമിഴ്നാട്ടിലും ഏറെക്കാലം അന്വേഷിച്ചു.
സാന്ത്വനത്തില്‍ കഴിഞ്ഞിരുന്ന സുമന് എന്ന അന്തേവാസി സ്വദേശമായ മധ്യപ്രദേശിലേക്കു തിരിച്ചു പോയതോടെയാണ് ബൃഹസ്പദിയുടെ കുടുംബത്തെ കണ്ടെത്താനായത്.
സുമന് തന്റെ സഹോദരന്റെ സഹായത്തോടെ ബൃഹസ്പദി പറഞ്ഞ സ്ഥലത്തെത്തി കുടുംബാംഗങ്ങളെ കണ്ടെത്തുകയായിരുന്നു. അപ്പോഴാണു മകള്‍ കോട്ടയത്ത് ഉണ്ടെന്നും കുഞ്ഞ് ജനിച്ചതും മനോഹര്‍ ഉപേക്ഷിച്ചു പോയതും ബന്ധുക്കള്‍ അറിഞ്ഞത്. അതോടെ പിതാവ് എത്തി മകളെയും കുഞ്ഞിനെയും കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.
Discussion about this post