കൊച്ചി: സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് രമേശ് പിഷാരടി. ആരാധകരുമായും സംവദിക്കുന്ന താരത്തിന് ഇപ്പോള്‍ ഒരു ചിത്രം പങ്കുവെച്ചതിന്റെ പേരില്‍ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നിരിക്കുകയാണ്. പാറപ്പുറത്ത് കണ്ണടച്ച് ധ്യാനത്തില്‍ ഇരിക്കുന്നതാണ് ചിത്രം. ചിത്രത്തിന് താരം കൊടുത്ത ശീര്‍ഷകം മടിറ്റേഷന്‍ എന്നും. ഇതാണ് ഇപ്പോള്‍ വിമര്‍ശനത്തിലേയ്ക്ക് കൂപ്പു കുത്താന്‍ ഇടയാക്കിയത്.
താരത്തിനെതിരെ രംഗത്ത് വന്നത്, ബിജെപി ദേശീയ ഉപാധ്യക്ഷനായ എപി അബ്ദുള്ളക്കുട്ടിയാണ്. ചിത്രത്തിന് താഴെ കമന്റായാണ് അദ്ദേഹം വിമര്‍ശനം രേഖപ്പെടുത്തിയത്. ‘പിഷാരടി… നിങ്ങള്‍ നമ്മുടെ മഹാ സംസ്‌കാരത്തെ കൊഞ്ഞനം കാട്ടുകയാണ്,’ എന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ കമന്റ്. ഇതോടെ അബ്ദുള്ളക്കുട്ടിയുടെ കമന്റിനെതിരെ നിരവധി പേരാണ് രംഗത്ത് എത്തിയത്.
താന്‍ തന്നെയാണ് ഈ കമന്റ് ചെയ്തതെന്നും അത് തമാശയല്ല, കാര്യമായി ആയി പറഞ്ഞതാണെന്നും എപി അബ്ദുള്ളക്കുട്ടി പ്രമുഖ മാധ്യമത്തോട് പ്രതികരിക്കുകയും ചെയ്തു. മെഡിറ്റേഷനെ ‘മടിറ്റേഷന്‍’ എന്നു പറയുന്നത് ഭയങ്കര തെറ്റാണ്. അതു കളിയാക്കലാണ്. മെഡിറ്റേഷന്‍ നമ്മുടെ ഇതിഹാസങ്ങളില്‍ നിന്നും വേദങ്ങളില്‍ നിന്നുമൊക്കെ ഉണ്ടായിട്ടുള്ള മഹത്തായ ഒന്നാണ്. അതിനെ ‘മടിറ്റേഷന്‍’ എന്നു പറയുന്നത് ശരിയല്ല എന്നും അബ്ദുള്ളക്കുട്ടി വാദിക്കുന്നു.