തിരുവനന്തപുരം: കെ സുധാകരൻ എംപി മുഖ്യമന്ത്രിയെ കുറിച്ച് പറഞ്ഞത് അത്ര മോശം പരാമർശമാണെന്ന് തോന്നിയില്ലെന്ന് ബിജെപി സംസ്ഥാനാധ്യക്ഷൻ കെ സുരേന്ദ്രൻ. പിണറായി വിജയൻ സമാന രീതിയിൽ ആക്ഷേപിക്കുന്ന ആളാണല്ലോ എന്നായിരുന്നു സുരേന്ദ്രന്റെ വിശദീകരണം.
‘ചെത്തുകാരൻ അത്ര മോശം ജോലിയല്ല. പിണറായി വിജയൻ എന്തെല്ലാം പറഞ്ഞ് ആളുകളെ ആക്ഷേപിക്കുന്നുണ്ട്. അത് വലിയ വാർത്തയാവുന്നില്ലല്ലോ. രാഷ്ട്രീയ നേതാക്കളെ പരനാറിയെന്ന് പിണറായി വിജയന് വിളിക്കുന്നുണ്ട്, നികൃഷ്ട ജീവിയെന്ന് വിളിക്കുന്നുണ്ട്. പിണറായി വിജയൻ ചെയ്ത കാര്യം തന്നെയാണ് സുധാകരനും ചെയ്യുന്നത്’, സുരേന്ദ്രൻ തൃശ്ശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
ചെത്തുകാരന് എന്ത് ജാതിയാണ് ഉള്ളതെന്നും സുരേന്ദ്രൻ ചോദിച്ചു. എല്ലാ ജാതിക്കാരും ചെത്തുന്നുണ്ട്. ജാതി അടിസ്ഥാനത്തിലുള്ള തൊഴിലിപ്പോൾ കേരളത്തിലില്ല. ‘ആശാരിപ്പണിയെടുക്കുന്നവരെല്ലാം ആശാരിമാരാണോ? മൂശാരിപ്പണി എടുക്കുന്നവരെല്ലാം മൂശാരിമാരാണോ? കൊല്ലപ്പണിയെടുക്കുന്നവരെല്ലാം കൊല്ലന്മാരാണോ? സ്വർണ പണിയെടുക്കുന്നവരെല്ലാം തട്ടാന്മാരാണോ? ഒന്നാം തരം നായര്, ഈഴവര്, നമ്പൂതിരികളൊക്കെ ഈ പണികളെടുക്കുന്നുണ്ട്. മുസ്ലിങ്ങൾ ചെത്തുന്നില്ലേ, ക്രിസ്ത്യാനികൾ ചെത്തുന്നില്ലേ, ചെത്തുകാരനെന്ന് പറയുന്നത് ദുരഭിമാനപ്പെടേണ്ട പണിയൊന്നുമല്ല. എനിക്കത് ഒരു ആക്ഷേപമായി തോന്നുന്നില്ല. പിണറായി വിജയൻ ചെത്തുകാരന്റെ മകനാണ് എന്നതിൽ ദുരഭിമാനപ്പെടേണ്ട കാര്യമില്ല’,- സുരേന്ദ്രൻ പറഞ്ഞു.
കെ സുധാകരന്റെ വിഷയത്തിൽ കോൺഗ്രസിൽ രൂപപ്പെട്ട രണ്ടുചേരിയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്, സുധാകരനെ അടിച്ച് പുറത്താക്കാൻ ഒരുവിഭാഗം ശ്രമിക്കുന്നുണ്ട്. അവർക്ക് ആയുധം കിട്ടി. അത്രേയുള്ളു എന്നായിരുന്നു സുരേന്ദ്രന്റെ മറുപടി. കെ സുധാകരൻ ബിജെപിയിലേക്ക് ചേക്കേറിയേക്കും എന്ന വാദങ്ങൾ ഉയരുന്നതിനിടെയാണ് സുരേന്ദ്രന്റെ ശ്രദ്ധേയമായ പരാമർശം.
Discussion about this post