തിരുവനന്തപുരം: ഹിന്ദുക്കളുടെ പണംകൊണ്ട് ക്ഷേത്രങ്ങളിലെ 60 ശതമാനം വരുന്ന ക്രിസ്ത്യാനികളായ ജോലിക്കാര്‍ക്ക് ശമ്പളം നല്‍കുന്നെന്ന വിദ്വേഷ പരാമര്‍ശത്തില്‍ ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയ്ക്ക് മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്. ലോകത്ത് ഒരിടത്തും ക്ഷേത്രങ്ങളില്‍ ക്രിസ്ത്യാനികള്‍ ജോലിചെയ്യുന്നില്ലെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ജനങ്ങളെ വിഭജിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും കടകംപള്ളി പറഞ്ഞു.കളക്ടറേറ്റില്‍ വനിതാ മതില് സംഘാടക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ 60 ശതമാനം ക്രിസ്ത്യാനികളായ ജോലിക്കാരുണ്ടെന്നായിരുന്നു കെപി ശശികലയുടെ പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നത്. സംഭവത്തെ തള്ളിക്കളഞ്ഞ് മന്ത്രി കടകംപള്ളിയും സോഷ്യല്‍മീഡിയയും രംഗത്തെത്തിയതോടെ താന്‍ പറഞ്ഞത് കേരളത്തിനു പുറത്തെ വിഷയമാണെന്നായിരുന്നു ശശികലയുടെയും സംഘപരിവാറിന്റെയും വിശദീകരണം. ഇതിന് മറുപടി നല്‍കിയിരിക്കുകയാണ് മന്ത്രി.
ക്ഷേത്രങ്ങളില്‍ ക്രിസ്ത്യാനികള്‍ ജോലിചെയ്യുന്നുവെന്ന പ്രചാരണത്തിനെതിരെ പ്രതികരിച്ചതിനു തനിക്കെതിരെ ഒരു കോടി രൂപയുടെ നോട്ടീസ് അയച്ചിരിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മതത്തിന്റെയും ജാതിയുടേയും പേരുപറഞ്ഞ് കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാനുള്ള ശ്രമങ്ങളാണു നടക്കുന്നത്. കേരളത്തിലെന്നല്ല ലോകത്തൊരു ക്ഷേത്രത്തിലും ക്രിസ്ത്യാനികള്‍ ജോലി ചെയ്യുന്നില്ല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എന്നല്ല ഒരു ദേവസ്വം ബോര്‍ഡിനു കീഴിലും ക്രിസ്ത്യാനികള്‍ ജോലി ചെയ്യുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
Discussion about this post