അമ്പലപ്പുഴ: ദേശീയപാത വികസനത്തിന്റെ പേരിൽ സ്ഥലമേറ്റെടുക്കാൻ നടന്ന ശ്രമത്തിൽ രേഖകൾ സമർപ്പിക്കാൻ കഴിയാതിരുന്നതിന്റെ നിരാശയിൽ വീട്ടമ്മ ജീവനൊടുക്കി. തന്റെ പേരിലുള്ള സ്ഥലത്തിന്റെ രേഖകൾ ഹാജരാക്കാൻ സാധിക്കാതിരുന്ന പുറക്കാട് പഞ്ചായത്ത് 12ാം വാർഡ് തോട്ടപ്പള്ളി ഒറ്റപ്പന പുത്തൻപുരയിൽ രിപുവിന്റെ ഭാര്യ ലതയാണ് (49) മരിച്ചത്.
ഇവർ കാലങ്ങൾക്ക് മുമ്പ് വാങ്ങിയ സ്ഥലത്തിന്റെ രേഖകൾ ഉടമ നൽകിയിരുന്നില്ല. പിന്നീട് സ്ഥലമുടമ മരണപ്പെടുകയും ചെയ്തു. ഇതോടെയാണ് ലതയും ഭർത്താവും കഷ്ടതയിലായത്.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഈ കുടുംബത്തിന്റെ സ്ഥലം ഏറ്റെടുക്കുന്നതിന് രേഖകൾ സമർപ്പിക്കണമെന്ന് ഉദ്യോഗസ്ഥർ നിരന്തരം ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇവ നൽകാൻ കഴിയാത്തതിന്റെ നിരാശയിലാണ് ലത വീട്ടിനുള്ളിൽ തൂങ്ങിമരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. മകൾ: ലക്ഷ്മി.
Discussion about this post