ജനിച്ചപ്പോള്‍ തന്നെ ശ്വാസതടസം; ആംബുലന്‍സിന്റെ സേവനം ലഭിച്ചത് 6 മണിക്കൂറിന് ശേഷം! അട്ടപ്പാടിയില്‍ നവജാത ശിശുവിന് മരണം

അഗളി: ആംബുലന്‍സ് എത്താന്‍ വൈകിയതിനെ തുടര്‍ന്ന് നവജാത ശിശു മരണപ്പെട്ടു. അട്ടപ്പാടി കാരറ സ്വദേശികളായ റാണി-നിസാം ദമ്പതിമാരുടെ പെണ്‍കുഞ്ഞാണ് മരണപ്പെട്ടത്. പീഡിയാട്രിക് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സ് എത്താന്‍ മണിക്കൂറുകളോളം വൈകിയതോടെയാണ് കുഞ്ഞ് മരണത്തിന് കീഴടങ്ങിയത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് അട്ടപ്പാടി കോട്ടത്തറ ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുത്തത്. ജനിച്ചപ്പോള്‍ തന്നെ കുഞ്ഞിന് ശ്വാസതടസം നേരിട്ടിരുന്നു. ഇതേത്തുടര്‍ന്ന് പീഡിയാട്രിക് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സില്‍ കുട്ടിയെ 170 കിലോമീറ്റര്‍ ദൂരെയുള്ള തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെത്തിക്കാന്‍ നിര്‍ദേശം നല്‍കി.

ഈ സംവിധാനങ്ങളുള്ള ആംബുലന്‍സിന്റെ സേവനം ജില്ലയില്‍ ലഭ്യമല്ലാത്തതിനാല്‍ മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ നിന്ന് സ്വകാര്യ ആംബുലന്‍സ് ആവശ്യപ്പെട്ടു. എന്നാല്‍, ആറുമണിക്കൂറിനുശേഷമാണ് ആംബുലന്‍സ് സേവനം ലഭിച്ചത്. രാത്രി എട്ടോടെ ആംബുലന്‍സില്‍ കുട്ടിയെ കയറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

Exit mobile version