മൂന്നാർ: എല്ലാതവണയും പോലെ ഇത്തവണയും പടയപ്പ എന്ന കൊമ്പൻ കാടിറങ്ങി എത്തിയപ്പോഴും മൂന്നാറുകാർ സന്തോഷിച്ചതാണ്. മൂന്നാറുകാരുടെ പ്രിയപ്പെട്ട ആനയാണ് പടയപ്പ. നാട്ടുകാർ തന്നെയാണ് മാസ് നായകൻ രജനികാന്തിന്റെ കഥാപാപാത്രത്തിന്റെ പേര് ആനയ്ക്ക് സമ്മാനിച്ച് ഓമനിച്ചതും. എന്നാൽ ഇത്തവണ നാടുകാണാൻ ഇറങ്ങിയ പടയപ്പ പാൽരാജ് എന്ന പഴക്കച്ചവടക്കാരന് ഉണ്ടാക്കി വെച്ചത് കനത്ത നഷ്ടമാണ്.
മുപ്പതിനായിരം രൂപയുടെ നഷ്ടമാണ് പാൽരാജിന് ആനയുടെ തന്റെ കടയിലേക്കുള്ള സന്ദർശനം കാരണം നഷ്ടമായത്.പടയപ്പ തന്റെ വിശപ്പ് തീർക്കാൻ പഴക്കട അപ്പാടെ വിഴുങ്ങിയതോടെ 180 കിലോയോളം പഴങ്ങളുടെ കാര്യം ഒരു തീരുമാനമായി.
ഓറഞ്ച്, ആപ്പിൾ, പൈനാപ്പിൾ, തുടങ്ങിയ എല്ലാതരം പഴവർഗ്ഗങ്ങളും പടയപ്പ ആസ്വാദിച്ചു നുണയുകയായിരുന്നു. പിന്നീട്് വനംവകുപ്പ് അധികൃതർ എത്തിയതോടെ പടയപ്പ പഴം തീറ്റ നിർത്തി ആരോടും വഴക്കിന് നിൽക്കാതെ തിരിച്ചുപോയി. പാൽരാജിന്റെ കടയല്ലാതെ മറ്റൊന്നും ഈ കാട്ടാന നശിപ്പിച്ചില്ല. വിശപ്പുമാറിയതോടെ മറ്റ് നാശ നഷ്ടങ്ങൾ ഒന്നും വരുത്താതെ വഴിയോരം ചേർന്ന് കാട്ടിലേക്ക് തന്നെ കൊമ്പൻ മടങ്ങി പോവുകയായിരുന്നു.
ഇത് രണ്ടാം തവണയാണ് പാൽരാജിന്റെ കട തകർത്ത് പടയപ്പ പഴങ്ങൾ തിന്നുന്നത്. ഏക ഉപജീവന മാർഗ്ഗമായ കടയിൽ നാശ നഷ്ടമുണ്ടായിട്ടും ഇദ്ദേഹത്തിന് ഒരുരൂപ പോലും സഹായവും ലഭിച്ചിട്ടില്ല. ഇടുക്കി ജില്ലയിലെ പ്രധാന ടൗണായ മൂന്നാറിലേയ്ക്ക് കാട്ടാന ഇറങ്ങുത് ഉൾപ്പടെ തടയാൻ അടിയന്തിര നടപടി വേണമെന്നാണ് നാട്ടുകാരുടേയും വ്യാപാരികളുടേയും ആവശ്യം.
Discussion about this post