കൊച്ചി: കര്‍ഷക സമരത്തിന് പിന്തുണയര്‍പ്പിച്ച പോപ് ഗായിക റിഹാന, സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ് തുടങ്ങിയവരുടെ ട്വീറ്റുകള്‍ക്കെതിരായുള്ള വിമര്‍ശനത്തില്‍ പ്രതികരിച്ച് നടന് സലിം കുമാര്‍. കര്‍ഷകര്‍ക്കൊപ്പമാണ് താനെന്നും താരം നിലപാട് വ്യക്തമാക്കുന്നു.
കര്‍ഷകസമരം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും വിദേശികള്‍ അഭിപ്രായം പറയേണ്ടെന്നും അഭിപ്രായപ്പെടുന്നവരോട് അമേരിക്കയിലെ ജോര്‍ജ് ഫ്ളോയ്ഡ് സംഭവം ഓര്‍മ്മിപ്പിക്കുന്നു സലിം കുമാര്‍.
അന്ന് ശക്തമായി പ്രതികരിച്ചവരില്‍ ഇന്ത്യക്കാരും ഉണ്ടായിരുന്നില്ലേ എന്ന് അദ്ദേഹം ചോദിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് സലിം കുമാറിന്റെ പ്രതികരണം.
‘അമേരിക്കയിൽ വർഗ്ഗീയതയുടെ പേരിൽ ഒരു വെളുത്തവൻ തന്റെ മുട്ടുകാലുകൊണ്ട് ശ്വാസം മുട്ടിച്ചു കൊല്ലുന്ന കറുത്തവനായ ജോർജ് ഫ്ലോയിഡിന്റെ ദയനീയ ചിത്രം, മനസ്സാക്ഷി മരവിക്കാത്ത ലോകത്തെ ഏതൊരുവന്റെയും ഉള്ളു പിടയ്ക്കുന്നതായിരുന്നു. അതിനെതിരെ രാജ്യഭേദമന്യേ വർഗ്ഗഭേദമന്യേ എല്ലാവരും അമേരിക്കക്കെതിരെ പ്രതികരിച്ചു. ആക്കൂട്ടത്തിൽ നമ്മൾ ഇന്ത്യക്കാരും ഉണ്ടായിരുന്നു.
അന്ന് ഒരു അമേരിക്കകാരനും ബാഹ്യശക്തികളോട് കാഴ്ചക്കാരായ് നിന്നാൽ മതി എന്ന് പറഞ്ഞില്ല. ഞങ്ങളുടെ രാജ്യത്തിന്റെ പ്രശ്നം പരിഹരിക്കാൻ ഞങ്ങൾക്കറിയാം എന്നും പറഞ്ഞില്ല. പകരം ലോകപ്രതിഷേധത്തെ അവർ ഇരുകൈയും നീട്ടി സ്വാഗതം ചെയ്തു.
അത് കൂടാതെ, അമേരിക്കൻ പോലീസ് മേധാവി മുട്ടുകാലിൽ ഇരുന്ന് പ്രതിഷേധക്കാരോട് മാപ്പ് പറയുന്നതും നമ്മൾ കണ്ടു. അമേരിക്കകാർക്ക് നഷ്ടപെടാത്ത എന്താണ് റിഹാന്നയെയും, ഗ്രറ്റയെയും പോലുള്ള വിദേശ കലാകാരന്മാരും ആക്റ്റീവിസ്റ്റുകളും പ്രതിഷേധിച്ചപ്പോൾ നമ്മൾ ഭാരതീയർക്ക് നഷ്ടപെട്ടത്.
പ്രതിഷേധിക്കേണ്ടവർ പ്രതിഷേധിച്ചിരിക്കും. അതിനു രാഷ്ട്ര വരമ്പുകൾ ഇല്ല, രാഷ്ട്രിയ വരമ്പുകളില്ല, വർഗ്ഗ വരമ്പുകളില്ല, വർണ്ണ വരമ്പുകളില്ല. എന്നും കതിര് കാക്കുന്ന കർഷകർക്കൊപ്പം”.
അമേരിക്കയിൽ വർഗ്ഗീയതയുടെ പേരിൽ ഒരു വെളുത്തവൻ തന്റെ മുട്ടുകാലുകൊണ്ട് ശ്വാസം മുട്ടിച്ചു കൊല്ലുന്ന കറുത്തവനായ ജോർജ്…
Posted by Salim Kumar on Thursday, 4 February 2021
Discussion about this post