തൃശൂര്‍: മുന്‍ ഡിജിപി ജേക്കബ് തോമസ് ബിജെപിയില്‍ ചേര്‍ന്നു. തൃശൂരില്‍ നടന്ന ബിജെപി സമ്മേളനത്തില്‍ ദേശീയ പ്രസിഡന്റ് ജെപി നദ്ദയില്‍ നിന്നാണ് ജേക്കബ് തോമസ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ഇതോടെ വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ജേക്കബ് തോമസ് മത്സരിക്കാന്‍ സാദ്ധ്യതയേറി.
തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന ബിജെപിയുടെ പൊതുസമ്മേളനത്തിനിടെയാണ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ജേക്കബ് തോമസിനെ പൊന്നാടയണിയിച്ച് അംഗത്വം നല്‍കിയത്.
എല്‍ഡിഎഫും യുഡിഎഫും തുടര്‍ച്ച മാത്രമാണെന്നും അവരുടെ ഇതുവരെയുളള ഭരണം കൊണ്ട് സംസ്ഥാനത്തിന് പുരോഗതിയുണ്ടായില്ലെന്നും അതിനാല്‍ സംസ്ഥാനത്ത് പരീക്ഷിക്കപ്പെടാവുന്ന സാദ്ധ്യത എന്‍ഡിഎ ആണെന്നും മുന്‍പ് ജേക്കബ് തോമസ് അഭിപ്രായപ്പെട്ടിരുന്നു.
ബിജെപിയുടെ പൊതു സമ്മേളനവേദിയില്‍ ശോഭ സുരേന്ദ്രനും എത്തിയിട്ടുണ്ട്. പാര്‍ട്ടിയുമായി ഇടഞ്ഞു നിന്ന ശോഭാ സുരേന്ദ്രന് പത്ത് മാസത്തിന് ശേഷം ബിജെപി യോഗത്തില്‍ എത്തുന്നത്. ദേശീയ നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ശോഭ മടങ്ങിയെത്തിയത്.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിയില്‍ വിഭാഗീയത ഉണ്ടെന്ന ധാരണ പൊതുജനങ്ങള്‍ക്കിടയില്‍ ഇല്ലാതിരിക്കാന്‍ യോഗത്തില്‍ പങ്കെടുക്കണമെന്നതായിരുന്നു നിര്‍ദ്ദേശം. ശോഭയുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഹരിക്കാമെന്ന് നേതൃത്വം ഉറപ്പ് നല്‍കിയതായാണ് സൂചന. ശോഭ സുരേന്ദ്രനുമായുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചോ എന്ന ചോദ്യത്തിന് ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പ്രതികരിച്ചില്ല.
ജേക്കബ് തോമസിനെപ്പോലെയൊരാള്‍ ബിജെപിയിലേക്ക് വരാന്‍ കാരണം ഇരുമുന്നണിയിലേയും അഴിമതി കാരണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് പറഞ്ഞു.
ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിക്കാനാണ് ജെപി നദ്ദ കേരളത്തിലെത്തിയത്. കഴിഞ്ഞ ദിവസം സിനിമാ താരം കൃഷ്ണകുമാര്‍ ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു. ഇനിയും ഒട്ടേറെ പ്രമുഖര്‍ ബിജെപിയില്‍ ചേരുമെന്നാണ് പാര്‍ട്ടി നേതൃത്വം നല്കുന്ന സൂചന. ജെപി നദ്ദയുടെ കേരള സന്ദര്‍ശനത്തിലൂടെ മിഷന് കേരളം എന്ന പേരില്‍ നിയമസഭാ പോരാട്ടത്തിന് വിപുലമായ ഒരുക്കങ്ങളാണ് ബിജെപി നടത്തുന്നത്.
Discussion about this post