തൃശൂര്‍: സഞ്ചരിക്കുന്ന ബാറുമായി മധ്യവയസ്കന് തൃശൂരില്‍ അറസ്റ്റില്‍. കോഡ് ഉപയോഗിച്ച് സഞ്ചരിക്കുന്ന കാറില്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം വില്പന നടത്തിയ പാലാട്ടി കുന്നേല്‍ വീട്ടില്‍ ജോര്‍ജിനെയാണ് (50) എക്സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്.
ഇയാളില്‍നിന്ന് 35.5 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യമാണ് പിടികൂടിയത്. ജോര്‍ജിനെ അറസ്റ്റ് ചെയ്യുമ്പോള്‍ 500 എംഎല്ലിന്റെ വിവിധ ബ്രാന്‍ഡുകളിലുള്ള 59 കുപ്പികളും ഒരു ലിറ്ററിന്റെ ആറു കുപ്പികളും കണ്ടെടുത്തു. മദ്യം വിറ്റ വകയില്‍ കിട്ടിയ 6570 രൂപയും മദ്യം കൊണ്ടുവന്ന കെഎല്‍-46-4089 നമ്പര്‍ ആള്‍ട്ടോ കാറും കസ്റ്റഡിയില്‍ എടുത്തു.
‘റോങ് നമ്പര്‍’ എന്ന കോഡ് ആയിരുന്നു മദ്യം വില്‍ക്കുന്നതിനായി ഇയാള്‍ ഉപയോഗിച്ചിരുന്നത്. ഫോണിലൂടെ ആയിരുന്നു ഇയാള്‍ ഉപഭോക്താക്കളെ കണ്ടെത്തിയിരുന്നത്. കാറിനെ സഞ്ചരിക്കുന്ന ബാര്‍ ആക്കി മാറ്റിയ ഇദ്ദേഹം ഇടപാട് നടത്താന്‍ വേണ്ടി ഉപയോഗിച്ചിരുന്ന രഹസ്യ കോഡ് ആയിരുന്നു ‘റോങ് നമ്പര്‍’. ഇക്കാര്യം എക്സൈസ് വകുപ്പിന് ചോര്‍ന്ന് കിട്ടുകയായിരുന്നു. തുടര്‍ന്ന് ഇതേ കോഡ് ഉപയോഗിച്ച് എക്സൈസ് സംഘം ജോര്‍ജിനെ വിളിച്ചു വരുത്തുകയും തന്ത്രപരമായി കുടുക്കുകയുമായിരുന്നു.
ഫോണില്‍ വിളിച്ച് ഓര്‍ഡര്‍ നല്‍കുന്നവര്‍ക്ക് മദ്യം വീട്ടിലെത്തിച്ചു കൊടുക്കുന്നതാണ് ജോര്‍ജിന്റെ രീതി. മദ്യവില്‍പ്പന കൂടുതലും നടന്നിരുന്നത് ഡ്രൈ ഡേ ദിവസങ്ങളില്‍ ആയിരുന്നു. പ്രിവന്റീവ് ഓഫീസര്‍ ആയ സിയു ഹരീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Discussion about this post