‘ചെത്തുകാരന്റെ മകന്‍’: മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം; കെ സുധാകരനെ വിളിപ്പിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശം വിവാദമായ സാഹചര്യത്തില്‍ എംപി കെ സുധാകരനെ നേരിട്ട് വിളിച്ച് രാഹുല്‍ ഗാന്ധി.

മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ആരെയും താന്‍ ആക്ഷേപിച്ചിട്ടില്ലെന്നും സുധാകരന്‍ രാവിലെ വിശദീകരിച്ചിരുന്നു. സിപിഎം പോലും പ്രതികരിക്കാത്ത വിഷയത്തില്‍ ഷാനിമോള്‍ ഉസ്മാന് രോഷം ഉണ്ടായത് സംശയം ഉണ്ടാക്കുന്നുണ്ടെന്നും സുധാകരന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

കെ സുധാകരന്‍ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന പ്രസ്താവനക്കെതിരെ കെപിസിസിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും സുധാകരന്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചിരുന്നു.

ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് വന്ന ഒരാള്‍ക്ക് സഞ്ചരിക്കാന്‍ ഹെലികോപ്ടര്‍ വരെ എന്നാണ് സുധാകരന്‍ ഇന്നലെ അപഹസിച്ചത്. ഇങ്ങനെയൊരു പശ്ചാത്തലത്തില്‍ നിന്ന് വന്ന് ഹെലികോപ്ടര്‍ എടുത്ത ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ എന്നും സുധാകരന്‍ അപഹസിച്ചു.

തുടര്‍ന്ന്, പരാമര്‍ശത്തില്‍ സുധാകരന്‍ മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ഷാനി മോള്‍ ഉസ്മാന്‍ ആവശ്യപ്പെട്ടിരുന്നു. കെ സുധാകരന്റെ അധിക്ഷേപം ശരിയല്ലെന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വീകരിച്ചത്. പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

Exit mobile version