ആലപ്പുഴ: വേമ്പനാട് കായലിന്റെ കാവലാളിന് വീടൊരുക്കുമെന്ന് ബോബി ചെമ്മണ്ണൂര്‍. വൈകല്യത്തെ അവഗണിച്ച് വേമ്പനാട്ട് കായലിനെ മാലിന്യമുക്തമാക്കി ഉപജീവനമാര്‍ഗം കണ്ടെത്തുന്ന കോട്ടയം സ്വദേശി എന്‍എസ് രാജപ്പനെ പ്രധാനമന്ത്രി നരേന്ദ്രമോഡി മന്‍കി ബാതിലൂടെ പ്രശംസിച്ചതോടെ സഹായവാഗ്ദാനവുമായി ബോബി ചെമ്മണ്ണൂര്‍ എത്തിയത്. രാജപ്പന് വീട് വയ്ക്കാനുള്ള സാമ്പത്തിക സഹയം ബോബി ചമ്മണ്ണൂർ അദ്ദേഹത്തിന് നൽകി.
വേമ്പനാട്ട് കായലില്‍ നിന്ന് പ്ലാസ്റ്റിക് കുപ്പികള്‍ പെറുക്കാന്‍ വലിയ വള്ളം വേണമെന്നായിരുന്നു മഞ്ചാടിക്കരി നടുവിലേത്ത് രാജപ്പന്റെ മോഹം. ആദ്യം വാടകയ്ക്കെടുത്ത വള്ളത്തിലായിരുന്നു കായലില്‍ പോയിരുന്നത്.
മഞ്ചാടിക്കരി മേഖലയില്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തി വന്ന കേരള സ്ക്രാപ്പ് മര്‍ച്ചന്റ്സ് അസോസിയേഷന് എഞ്ചിന് ഘടിപ്പിച്ച വള്ളം നല്കി. പ്രധാനമന്ത്രി നരേന്ദ്രമോഡി രാജപ്പനെ അഭിനന്ദിച്ചതോടെ വീണ്ടും സഹായം എത്തിത്തുടങ്ങി.
ബിജെപി സംസ്ഥാന സമിതി അംഗം പി ആര് ശിവശങ്കര്‍ മുഖേന പ്രവാസി വ്യവസായി ശ്രീകുമാര്‍ എഞ്ചിന് ഘടിപ്പിച്ച വള്ളം സമ്മാനിച്ചു. അതോടെ മൂന്നു വള്ളം സ്വന്തമായി. തൊട്ടുപിന്നാലെയാണ് വ്യവസായി ബോബി ചെമ്മണൂര്‍ വള്ളം വാങ്ങാന്‍ സഹായ വാഗ്ദാനവുമായി എത്തിയത്.
വള്ളങ്ങള്‍ മൂന്നെണ്ണം ഉണ്ടെന്ന് അറിഞ്ഞതോടെ ബോബി വീടിനുള്ള ധനസഹായം നല്കി. മൂന്നു വള്ളവും സഹോദരി വിലാസിനിയുടെ വീടിനു മുന്നിലെ കടവിലുണ്ട്. എഞ്ചിന് വള്ളം ഉപയോഗിക്കാന്‍ രാജപ്പന് പഠിക്കുന്നതേയുള്ളൂ. അതു വരെ പഴയ വള്ളം തന്നെ ഉപയോഗിക്കാനാണു തീരുമാനം.
വേമ്പനാട് കായലിന്റെ കാവലാണ് കോട്ടയം കുമരകം സ്വദേശി രാജപ്പന്. കായലില്‍ വലിച്ചെറിയുന്ന കുപ്പികള്‍ പെറുക്കി ജീവിക്കുന്ന കോട്ടയത്തെ രാജപ്പന് ചേട്ടനെ സോഷ്യല്‍ മീഡിയയിലൂടെയാണ് ലോകമറിഞ്ഞത്. പോളിയോ ബാധിച്ച് കാലുകള്‍ തളര്‍ന്നുപോയതാണ്. മറ്റ് ജോലികള്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍ കുപ്പി പെറുക്കി വിറ്റ് ഉപജീവനം കണ്ടെത്തുകയാണ് ഇദ്ദേഹം.
കുപ്പി വിറ്റാല്‍ കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് ജീവിതം. രാവിലെ ആറ് മണിയാകുമ്പോള്‍ രാജപ്പന് വള്ളവുമായി കായലിലിറങ്ങും. മിക്കപ്പോഴും രാത്രിയാകും മടങ്ങിയെത്താന്‍. കൂടുതലൊന്നും കിട്ടിയില്ലെങ്കിലും അന്നത്തെ ചെലവിനുള്ള ചില്ലറ കിട്ടണമെന്ന് മാത്രമാണ് ഇദ്ദേഹത്തിന് പറയാനുള്ളത്. ആറ് വര്‍ഷമായി രാജപ്പന് ചേട്ടന് ഈ തൊഴില്‍ തുടങ്ങിയിട്ട്.
Discussion about this post