കോഴിക്കോട്: ആദ്യമായി വെർച്വൽ പ്ളാറ്റ്ഫോമിലേക്ക് പറിച്ചുനടപ്പെട്ട സൗന്ദര്യമത്സരത്തിൽ കിരീടം ചൂടി മെഡിക്കൽ വിദ്യാർത്ഥിനി. വെർച്വൽ സൗന്ദര്യമത്സരത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് എംബിബിഎസ് വിദ്യാർത്ഥിനി എറിൻ ലിസ് ജോൺ മിസ് കേരള വിജയിയാവുകയായിരുന്നു.
യുഎസിൽനിന്ന് മത്സരത്തിൽ പങ്കെടുത്ത ആതിരാ രാജീവ്, കണ്ണൂരിൽ നിന്നുള്ള അശ്വതി നമ്പ്യാർ എന്നിവരാണ് ഒന്നും രണ്ടും റണ്ണറപ്പുകൾ.
കോവിഡ് വ്യാപന സാഹചര്യത്തിൽ രണ്ടുഘട്ടമായാണ് ഇംപ്രസാരിയോ വെർച്വൽ സൗന്ദര്യമത്സരം നടത്തിയത്. നവംബറിൽ നടന്ന ആദ്യഘട്ടത്തിൽ നൂറുപേരും ജനുവരിയിലെ രണ്ടാം റൗണ്ടിൽ 50 പേരും പരസ്പരം മാറ്റുരച്ചു. പതിനൊന്നുപേരാണ് അന്തിമറൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ലോക്ക്ഡൗൺ എങ്ങനെയാണ് ബന്ധങ്ങളെ സ്വാധീനിച്ചത് എന്ന ചോദ്യത്തിന് മികച്ച മറിപടി നൽകിയാണ് എറിൻ വിജയിയായി മാറിയത്.
”ലോക്ക്ഡൗണിൽ കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധം ദൃഢമായെന്നും സ്വയം തിരിച്ചറിയാനും വ്യക്തിപരമായ ഇഷ്ടാനിഷ്ടം മനസ്സിലാക്കാനും സാധിച്ചുവെന്നുമാണ് എന്റെ ഉത്തരം” എറിൻ ലിസ് ജോൺ പറഞ്ഞു.
ഡോ. ടി. രാജൻ ജോണിന്റെയും ഡോ. രേഖാ സക്കറിയാസിന്റെയും മകളാണ് എറിൻ. സഹോദരൻ ഡോ. കെവിൻ റോബി ജോൺ.
Discussion about this post