മലയാളികള്‍ക്കു ഏറെ സുപരിചിതനാണ് നന്ദു മഹാദേവ. കാന്‍സറിനെ മനസാന്നിധ്യം കൊണ്ട് തോല്‍പ്പിച്ച് മറ്റുള്ളവര്‍ക്ക് മാതൃകയാകുകയാണ് നന്ദു. അത്രമേല്‍ വേദനയിലും ചിരിച്ചുകൊണ്ട്, പലപ്പോഴും തളര്‍ന്ന് പോയിട്ടും പിടിച്ചു കയറാന്‍ നന്ദു കാണിക്കുന്ന ആത്മ വിശ്വാസം തന്നെയാണ് സോഷ്യല്‍ ലോകത്തെ അത്ഭുതപ്പെടുത്തുന്നത്.
ജീവിതത്തിലെ ഒട്ടുമിക്ക കാര്യങ്ങളും പങ്കുവെച്ച് ചെറിയ കാര്യങ്ങളില്‍ വിഷമിക്കുന്നവര്‍ക്ക് ഊര്‍ജ്ജം പകരുകയാണ് നന്ദു തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ. ഇത്തവണയും ഇരട്ടി ഊര്‍ജ്ജം പകരുകയാണ് നന്ദു.
ക്യാന്‍സര്‍ കരളിനെ കൂടി കവര്‍ന്നെടുത്തിരിക്കുന്നെന്നും നന്ദു പങ്കുവയ്ക്കുന്നു. ആകെ മുന്നിലുള്ള ഒരേ ഒരു വഴി വേദന കുറയ്ക്കാനുള്ള മരുന്നുകള്‍ എടുത്തു മുന്നോട്ട് പോകുക എന്നത് മാത്രമാണ്. രണ്ടു പ്രാവശ്യവും മരണത്തിന് മുന്നില്‍ നിന്നും മലക്കം മറിഞ്ഞു ജീവിതത്തിലേക്ക് ചുവടുവച്ചതുപോലെ ഇത്തവണയും പ്രിയപ്പെട്ടവരുടെ അടുത്തേക്ക് ഞാന്‍ ഓടി വരും..! നന്ദു പറയുന്നു.
മാത്രമല്ല, കൃത്യ സമയത്ത് അര്‍ബുദം കണ്ടെത്താന്‍ കഴിയാത്തത് കൊണ്ടും
ആദ്യമെടുത്ത ചികിത്സയിലെ ചിലരുടെ അശ്രദ്ധകള്‍ കൊണ്ടുമാണ് തനിയ്ക്ക് ഇത്രയധികം സഹനങ്ങള്‍ അനുഭവിക്കേണ്ടി വന്നതെന്നും വൈകിപ്പിക്കാതെ വേണ്ടവിധത്തില്‍ ചികിത്സയെടുത്താന്‍ കാന്‍സറിനെയും അതിജീവിക്കാമെന്നും നന്ദു കാന്‍സര്‍ ദിന സന്ദേശത്തില്‍ പങ്കുവങ്കുവയ്ക്കുന്നു.
”ക്യാന്‍സര്‍ എന്റെ കരളിനെ കൂടി കവര്‍ന്നെടുത്തു തുടങ്ങിയിരിക്കുന്നു..!
ചെയ്യാനുള്ളതെല്ലാം ചെയ്തു കഴിഞ്ഞു ഇനി അധികമൊന്നും ചെയ്യാനില്ലെന്നു ഡോക്ടര്‍ പറഞ്ഞു..
ഞാന്‍ വീട്ടില്‍ പോയിരുന്നു കരഞ്ഞില്ല..
പകരം കൂട്ടുകാരെയും കൂട്ടി നേരേ ഗോവയിലേക്ക് ഒരു യാത്ര പോയി അടിച്ചങ്ങു പൊളിച്ചു..
അസഹനീയമായ വേദനയെ നിലയ്ക്കു നിര്‍ത്താന്‍ ഓരോ രണ്ടു മണിക്കൂറും ഇടവിട്ട് മോര്‍ഫിന്‍ എടുത്തുകൊണ്ടിരുന്നുവെങ്കിലും ആ ഉദ്യമത്തില്‍ ഞാന്‍ സമ്പൂര്‍ണ്ണ പരാജിതനായി..!
പക്ഷേ എന്റെ മാനസികമായ കരുത്തിനു മുന്നിലും വേദനകളെ കടിച്ചമര്‍ത്തി ആഹ്‌ളാദിക്കുവാനും ഉല്ലസിക്കുവാനും ഉള്ള കഴിവിന് മുന്നിലും മോര്‍ഫിന്‍ കൊണ്ട് പിടിച്ചു കെട്ടാന്‍ പറ്റാത്ത വേദനപോലും നാണിച്ചു പണ്ടാരമടങ്ങിപ്പോയി..!
ഡ്രൈവിംഗ് അത്രമേല്‍ ഇഷ്ടമുള്ള എനിക്ക് എന്റെ കൂട്ടുകാരെയും പിന്നിലിരുത്തി കുറച്ചധികം ദൂരം വണ്ടിയോടിക്കണം എന്ന് അടങ്ങാത്ത ആഗ്രഹം ഉണ്ടായിരുന്നു..
അതവര്‍ സാധിച്ചു തന്നു. സ്നോ പാര്‍ക്കില്‍ പോയി മഞ്ഞില്‍ കളിച്ചു..
മനോഹരമായ ഗോവന്‍ ബീച്ചുകളുടെ ഭംഗി കണ്ടാസ്വദിച്ചു..
ഒടുവില്‍ പബ്ബിലും പോയി നൃത്തം ചെയ്ത ശേഷമാണ് ഞങ്ങള്‍ ഗോവയോട് വിട പറഞ്ഞത്..!
ക്രച്ചസും കുത്തി പബ്ബിലേക്ക് ചെല്ലുമ്പോള്‍ അന്യഗ്രഹ ജീവികളെ പോലെ ഞങ്ങളെ നോക്കിയവര്‍ ഒടുവില്‍ ഞങ്ങള്‍ക്കൊപ്പം നൃത്തം വയ്ക്കാനും ഞങ്ങളെ പരിചയപ്പെടാനും തിരക്ക് കൂട്ടിയപ്പോള്‍ അഭിമാനം തോന്നി..!
പാതി ഉറക്കത്തിലായിരുന്ന ആ പബ്ബിനെ ഞങ്ങള്‍ ആഹ്ലാദത്തിന്റെ കൊടുമുടിയില്‍ എത്തിച്ചു..!
ഗോവ ഞങ്ങളെ മറക്കില്ല..ഞങ്ങള്‍ ഗോവയെയും..
രണ്ടു ദിവസം ഞങ്ങള്‍ പോയിടത്തെല്ലാം പോസിറ്റിവിറ്റി വാരി വിതറി ഉത്സവം പോലെയാക്കി..
ഞാനും വിഷ്ണുവും ജസ്റ്റിനും ഒക്കെ ക്യാന്‍സര്‍ പോരാളികളാണ് എന്ന് ഞങ്ങളല്ലാതെ മറ്റാര് പറഞ്ഞാലും ഗോവയില്‍ ഞങ്ങളെ പുതിയതായി പരിചയപ്പെട്ടവരോ ഞങ്ങളുടെ ഒപ്പം നൃത്തം ചെയ്തവരോ ആരും വിശ്വസിക്കില്ല..
അത്ര മാത്രം ഊര്‍ജ്ജമായിരുന്നു ഞങ്ങള്‍ക്ക്..! എവിടെയെങ്കിലും പോകാമെന്ന് ഞാന്‍ പറയുമ്പോള്‍ എന്നെയും കൊണ്ട് പറക്കാന്‍ നില്‍ക്കുന്ന എന്റെ ചങ്കുകളോട് എത്ര നന്ദി പറഞ്ഞാലും തീരില്ല..
എന്റെ സ്വന്തം അനിയന്‍ അനന്തുവും ആത്മസുഹൃത്തായ ശ്രീരാഗും ഞങ്ങള്‍ക്ക് വല്ലാത്തൊരു മുതല്‍ക്കൂട്ടാണ്..!
എന്റെ ചികിത്സ ഏറെക്കുറെ അവസാനിച്ചിരിക്കുന്നു പ്രിയരേ..സര്‍ജറി പോലും ചെയ്യാന്‍ കഴിയാത്ത തരത്തില്‍ അതെന്നെ വരിഞ്ഞു മുറുക്കിയിരിക്കുന്നു..ഇപ്പോള്‍ ദേ കരളിലേക്ക് കൂടി അത് പടര്‍ന്നിരിക്കുന്നു..
ഇതുവരെ അനുഭവിച്ച വേദനകളെക്കാള്‍ പത്തിരട്ടി അധികം വേദന കടിച്ചമര്‍ത്തിക്കൊണ്ടാണ് ഈ നിമിഷം ഞാനിതെഴുതുന്നത്..ആകെ മുന്നിലുള്ള ഒരേ ഒരു വഴി വേദന കുറയ്ക്കാനുള്ള മരുന്നുകള്‍ എടുത്തു മുന്നോട്ട് പോകുക എന്നത് മാത്രമാണ്.. പക്ഷെ ഞാന്‍ തിരിച്ചു വരും..
എനിക്ക് മുന്നിലേക്ക് നടക്കാന്‍ എന്തെങ്കിലും ഒരു വഴി സര്‍വ്വേശ്വരന്‍ തുറന്നു തരും..
കഴിഞ്ഞ രണ്ടു പ്രാവശ്യവും മരണത്തിന് മുന്നില്‍ നിന്നും മലക്കം മറിഞ്ഞു ജീവിതത്തിലേക്ക് ചുവടുവച്ചതുപോലെ ഇത്തവണയും ന്റെ പ്രിയപ്പെട്ടവരുടെ അടുത്തേക്ക് ഞാന്‍ ഓടി വരും..!
നാളെ ലോക ക്യാന്‍സര്‍ ദിനമാണ്..
കൃത്യ സമയത്ത് അര്‍ബുദം കണ്ടെത്താന്‍ കഴിയാത്തത് കൊണ്ടും ആദ്യമെടുത്ത ചികിത്സയിലെ ചിലരുടെ ആശ്രദ്ധകള്‍ കൊണ്ടും മാത്രമാണ് ഞാന്‍ ഇത്രയധികം സഹനങ്ങളില്‍ കൂടി കടന്നു പോകേണ്ടി വന്നത്..
MVR പോലൊരു ഹോസ്പിറ്റലില്‍ ഇത്രയധികം സ്‌നേഹനിധികളായ ഡോക്ടര്‍മാരുടെ അടുത്തേക്ക് ആദ്യമേ എത്താന്‍ സാധിച്ചിരുന്നുവെങ്കില്‍ ഞാനിപ്പോള്‍ എല്ലാവരെയും പോലെ സാധാരണ ജീവിതം നയിച്ചു തുടങ്ങേണ്ട വ്യക്തിയാണ്..
ഈ ക്യാന്‍സര്‍ ദിനത്തില്‍ എനിക്ക് ഈ ലോകത്തിന് നല്‍കാനുള്ള സന്ദേശവും ഇതാണ്..
എത്ര അസുഖകരമായ അവസ്ഥയില്‍ കൂടി പോയാലും ശുഭാപ്തി വിശ്വാസത്തോടുകൂടി ശരിയായ ചികിത്സയ്ക്ക് വിധേയരായി മുന്നോട്ട് പോയാല്‍ നമുക്ക് ഒരു പരിധി വരെ അര്‍ബുദത്തെ പിടിച്ചു കെട്ടാന്‍ സാധിക്കും..
ചെറിയ ചെറിയ വേദനകള്‍ വന്നാല്‍ പോലും ശ്രദ്ധിക്കുക, സമയം വൈകിപ്പിക്കാതിരിക്കുക..
എന്റെ ജീവിതത്തില്‍ അത്ഭുതങ്ങള്‍ സംഭവിച്ചിട്ടുള്ളത് എന്റെ പ്രിയപ്പെട്ട നിങ്ങള്‍ ഓരോരുത്തരുടെയും ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനകള്‍ കാരണമാണ്..അതിനിയും വേണം..ഒപ്പം സ്‌നേഹവും..
ഒരു കരള് പറിച്ചു കൊടുത്താല്‍ പകരം ഒരു നൂറു കരളുകള്‍ എന്നെ സ്‌നേഹിക്കാന്‍ എന്റെ ഹൃദയങ്ങള്‍ നിങ്ങളൊക്കെ കൂടെയുള്ളപ്പോള്‍ ഞാനെന്തിന് തളരണം..!
നന്ദു മഹാദേവ വെറുമൊരു നക്ഷത്രമായിരുന്നില്ല , സൂര്യനെപ്പോലെ ഒരു നക്ഷത്രമായിരുന്നു എന്ന് പറഞ്ഞു കേള്‍ക്കുവാനാണ് എനിക്കിഷ്ടം..
അതുകൊണ്ട് തന്നെ അവസാന നിമിഷം വരെയും പുകയില്ല..
കത്തി ജ്വലിക്കും..!
ഞങ്ങളുടെ ഈ യാത്ര പ്രതീക്ഷയറ്റ നൂറു കണക്കിന് സഹോദരങ്ങള്‍ക്ക് ഒരു പ്രത്യാശയാകട്ടെ..!
സ്‌നേഹപൂര്‍വ്വം
നന്ദു മഹാദേവ”