ന്യൂഡല്‍ഹി: മുസ്ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി ലോക്സഭാ എംപി സ്ഥാനം
രാജിവെച്ചു. ലോക്സഭാ സ്പീക്കറുടെ ചേംബറിലെത്തിയാണ് അദ്ദേഹം രാജി സമര്‍പ്പിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ മുന്നോടിയായാണ് രാജി. പാര്‍ട്ടിയുടെ നിര്‍ദേശ പ്രകാരമാണ് രാജിയെന്ന് അദ്ദേഹം പ്രതികരിച്ചു.
മലപ്പുറം ലോക്സഭ മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിച്ചിരുന്നത്. മലപ്പുറത്ത് നിന്നായിരിക്കും കുഞ്ഞാലിക്കുട്ടി ജനവിധി തേടുക. കുഞ്ഞാലിക്കുട്ടി രാജി വെച്ച് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകണമെന്ന് ലീഗ് സംസ്ഥാന കമ്മറ്റി തീരുമാനിച്ചിരുന്നു.
നിയമസഭാംഗം ആയിരിക്കെ 2017-ല്‍ ഇ അഹമ്മദിന്റെ വിയോഗത്തെ തുടര്‍ന്നാണ് കുഞ്ഞാലിക്കുട്ടി ഉപതിരഞ്ഞെടുപ്പിലൂടെ ലോക്സഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് 2019-ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് അദ്ദേഹം എംപി സ്ഥാനം രാജിവെച്ചിരിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം തന്നെ ലോക്സഭാ ഉപതിരഞ്ഞെടുപ്പും നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുഞ്ഞാലിക്കുട്ടിക്ക് പകരം ലീഗ് ആരെ ലോക്സഭയിലേക്ക് പരിഗണിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല.
Discussion about this post