പത്തനംതിട്ട: കോന്നി എംഎൽഎ കെയു ജനീഷ്കുമാർ ഇനി പുതിയ കർമ്മമണ്ഡലത്തിലേക്ക്. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗമായി ജനീഷ് കുമാറിനെ തെരഞ്ഞെടുത്തു. ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റായിരിക്കെ കോന്നി ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച കെയു ജനീഷ് കുമാറിന് അർഹിക്കുന്ന അംഗീകാരമായാണ് കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്.
താഴെക്കിടയിലെ പ്രവർത്തനങ്ങളിലൂടെ ഉയർന്നുവന്ന കെയു ജനീഷ് കുമാർ യൂണിറ്റ് തലത്തിൽ നിന്നാണ് തന്റെ പാർട്ടി പ്രവർത്തനങ്ങൾ ആരംഭിച്ചത്. 1998ൽ ഡിവൈഎഫ്ഐ വാൽവാറ യൂണിറ്റ് സെക്രട്ടറിയായി പാർട്ടി നേതൃത്വത്തിലേക്ക് എത്തിയ അദ്ദേഹം പിന്നീട് കൃത്യമായ ജനസേവനത്തിലൂടെയും ജനകീയനുമായി വളർന്നുവന്നാണ് ഇപ്പോൾ ഡിവൈഎഫ്ആ കേന്ദ്ര കമ്മിറ്റിയിൽ വരെ എത്തിച്ചേർന്നിരിക്കുന്നത്.
സീതത്തോട് സ്കൂളിൽ എസ്എഫ്ഐ പ്രവർത്തകനായി ജനങ്ങളുടെ ശബ്ദമായി മാറിയ കെയു ജനീഷ് കുമാർ കോളേജ് യൂണിയനിലും ശക്തമായ സാന്നിധ്യമായിരുന്നു. കൗൺസിലറായും എംജി സർവ്വകലാശാല യൂണിറ്റ് ഭാരവാഹിയായും വിദ്യാർത്ഥികളുടെ ശബ്ദമായി മാറിയ അദ്ദേഹം ഡിവൈഎഫ്ഐയിലൂടെ യുവാക്കളുടെ പ്രശ്നങ്ങളിലും കൃത്യമായ ഇടപെടൽ നടത്തി ഡിവൈഎഫ്ഐയിലെ സജീവ പ്രവർത്തകനായി മാറുകയായിരുന്നു. .
ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയും പ്രസിഡന്റുമായി വർഷങ്ങൾ പ്രവർത്തിച്ചു. കോന്നി ഏരിയാ കമ്മിറ്റി വൈസ് പ്രസിഡന്റ്, ഏരിയാ സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചും പാർട്ടി നേതൃത്വത്തിൽ സജീവമായ അദ്ദേഹം പിന്നീട് പത്തനംതിട്ട ജില്ലാപ്രസിഡന്റ് സ്ഥാനവും അലങ്കരിച്ചിരുന്നു. ഈ പ്രവർത്തന മികവാണ് അദ്ദേഹത്തെ ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിച്ചത്. പിന്നീട് കോന്നി തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഉറപ്പായ സീറ്റിൽ വിജയിച്ചാണ് കെയു ജെനീഷ് കുമാർ എൽഡിഎഫിന്റെ കരുത്തുകാണിച്ചത്.
Discussion about this post