വടകര: പഴയ ഷര്‍ട്ടില്‍ കുടുങ്ങി കിടന്ന സ്വര്‍ണ്ണം വീട്ടുകാരെ തിരികെ ഏല്‍പ്പിച്ച് മാതൃകയായി മൈസൂരു സ്വദേശികള്‍. കുനിങ്ങാടിലെ ഒരു വീട്ടില്‍നിന്ന് ശേഖരിച്ച പഴയ ഷര്‍ട്ടിന്റെ പോക്കറ്റിലാണ് രണ്ടര പവന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ ഉണ്ടായിരുന്നത്. മൈസൂരുവിലെ എസ്എസ് മനോജ് സേവാശ്രം ട്രസ്റ്റിന്റെ പ്രവര്‍ത്തകരാണ് സുനിലും തുക്കാറാമും.
ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ ഭാഗമായി കേരളത്തില്‍ വന്ന് പഴയ വസ്ത്രങ്ങളും മറ്റും ശേഖരിച്ചു വരികയാണ് ഇവര്‍. തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഇവര്‍ രാജന്റെ വീട്ടിലെത്തിയത്. ഭാര്യ രജിത വീട്ടിലുണ്ടായിരുന്നു. പഴയ വസ്ത്രം ചോദിച്ചപ്പോള്‍ ഭര്‍ത്താവിന്റെ രണ്ടു ഷര്‍ട്ടും രണ്ടു മുണ്ടും നല്‍കി. ഒരു ഷര്‍ട്ടിന്റെ പോക്കറ്റില്‍ രജിത തന്റെ സ്വര്‍ണമാലയും മോതിരവും അഴിച്ചുവെച്ചിരുന്നു.
സുനിലും തുക്കാറാമും ഷര്‍ട്ടുമായി മടങ്ങുകയും ചെയ്തു. വൈകീട്ടാണ് താന്‍ ആഭരണം അഴിച്ചുവെച്ച ഷര്‍ട്ടാണ് നല്‍കിയതെന്ന് ഓര്‍മവന്നത്. വന്നവരെക്കുറിച്ച് ഒരു വിവരവുമില്ല. മൈസൂരു സ്വദേശികള്‍ മാത്രമാണെന്നാണ് ആകെ അറിയാവുന്നത്. ഭര്‍ത്താവും മറ്റും ചേര്‍ന്ന് നാദാപുരം ഉടനെ തന്നെ പോലീസില്‍ പരാതിയും നല്‍കി.
സ്വര്‍ണം നഷ്ടപ്പെട്ടെന്ന് ഉറപ്പിച്ചിരിക്കെയാണ് സുനിലും തുക്കാറാമും ചൊവ്വാഴ്ച രാവിലെ വീട്ടിലേക്ക് മൈസൂരു സ്വദേശികള്‍ സ്വര്‍ണ്ണങ്ങളുമായി എത്തിയത്. മാലയും മോതിരവും അവര്‍ സന്തോഷത്തോടെ രജിതയ്ക്ക് കൈമാറി. ആ നന്മയ്ക്കുമുന്നില്‍ നിറകണ്ണുകളോടെ രജിത നന്ദി പറഞ്ഞു. രാത്രി മുറിയിലെത്തി കിട്ടിയ വസ്ത്രങ്ങള്‍ മടക്കിവെക്കുന്നതിനിടെയാണ് ഒരു ഷര്‍ട്ടിന്റെ പോക്കറ്റില്‍ സ്വര്‍ണം കണ്ടത്.
അത് രജിത നല്‍കിയ ഷര്‍ട്ടാണെന്ന് ഉറപ്പായിരുന്നുവെന്ന് ഇവര്‍ പറയുന്നു. പഴയ വസ്ത്രമാണ് ചോദിച്ചതെങ്കിലും രജിത നല്‍കിയത് അധികം ഉപയോഗിക്കാത്ത ഷര്‍ട്ടാണ്. ഇക്കാര്യം ഇവരും ശ്രദ്ധിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെതന്നെ ബസ് കയറി സ്വര്‍ണ്ണം തിരികെ ഏല്‍പ്പിക്കുകയായിരുന്നു. സേവനമാണ് തങ്ങളുടെ ദൗത്യമെന്നും ഇതിനപ്പുറം ഒന്നും ആഗ്രഹിക്കുന്നില്ലെന്നും സുനിലും തുക്കാറാമും പറയുന്നു. മാതൃകയാണ് ഇവരെ സോഷ്യല്‍മീഡിയയും ഒന്നടങ്കം പറയുന്നു.
Discussion about this post