സീതത്തോട്: അന്ന് കലിതുള്ളി വീടും കൃഷിയുമെല്ലാം ഉരുള്‍ കൊണ്ടുപോയി, ഇന്ന് അതേ ഇടത്ത് വിളഞ്ഞത് ‘അത്ഭുതകപ്പ കിഴങ്ങ്. ഉരുള്‍പൊട്ടിയ നിലത്ത് നട്ട കപ്പയാണ് കൗതുക്കാഴ്ചയായിരിക്കുന്നത്. കിഴങ്ങുകള്‍ക്ക് ഒരാള്‍ പൊക്കം ഉണ്ട്.
ചിറ്റാര്‍ മീന്‍കുഴി പുത്തന്‍വീട്ടില്‍ ബി ഷാജിയുടെ കൃഷിയിടത്തിലാണ് ഭീമന്‍ കപ്പ വിളഞ്ഞത്. 2018ലെ ഉരുള്‍പൊട്ടലില്‍ ഷാജിയുടെ വീടും കാര്‍ഷിക വിളകളും നശിച്ചിരുന്നു. ഈ സ്ഥലത്ത് കഴിഞ്ഞ വര്‍ഷം 38 മൂട് കപ്പ നട്ടു. ഇതിന്റെ വിളവ് എടുത്തപ്പോഴാണ് 6 അടി നീളം വരെ വരുന്ന കിഴങ്ങുകള്‍ ലഭിച്ചത്.
കാഞ്ഞിരപ്പള്ളിയില്‍ നിന്നു കിട്ടിയ കപ്പക്കമ്പുകളാണ് നട്ടത്. ഓരോ മൂട്ടിലും 30 കിലോ വരെ തൂക്കത്തില്‍ കിഴങ്ങുണ്ട്. ഉരുള്‍പൊട്ടലില്‍ കൃഷികള്‍ വ്യാപകമായി നശിച്ചതു കാരണം മിക്ക കൃഷികളും ഉപേക്ഷിച്ചിരുന്നു.
വിളവെടുത്ത കപ്പയുടെ ഭാഗം അയല്‍വാസിക്ക് നല്‍കി. അത്ഭുത വിളവറിഞ്ഞ് ചിറ്റാര്‍ കൃഷി ഭവനില്‍ നിന്ന് ഉദ്യോഗസ്ഥരും വിളിച്ചതായി ഷാജിയുടെ ഭാര്യ അമ്പിളി പറഞ്ഞു.