കോന്നി: നിയമസഭ തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് അടുത്തിരിക്കുകയാണ് സംസ്ഥാനം. പലയിടത്തും വിജയസാധ്യതയുള്ള മുഖങ്ങളെ നിര്‍ത്താനുള്ള ഓട്ടത്തിലാണ് മുന്നണികള്‍. ഇപ്പോള്‍ ചര്‍ച്ചയാവുന്നത് കോന്നിയാണ്. നഷ്ടപ്പെട്ട കോന്നി തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. കെപിസിസി മെമ്പർ മാത്യു കുളത്തുങ്കലിനെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചേയ്ക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്.
കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച മുന്‍ ഡിസിസി പ്രസിഡന്റ് മോഹന്‍രാജിനെ പരാജയപ്പെടുത്താന്‍ കൂട്ടുനിന്ന റോബിന് പീറ്റര്‍ എത്തിയാല്‍, രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കത്തിലും കുതിക്കാല്വെട്ടലിലും കോന്നി നഷ്ടപ്പെടും എന്ന സ്ഥിതിയിലേയ്ക്ക് എത്തുമെന്നതിലുള്ള ഭയം നേതൃത്വത്തിന് ഉണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത്, രണ്ട് ഗ്രൂപ്പുകളിലും പെടാത്ത ഓര്‍ത്തഡോക്സ് വിഭാഗത്തില്‍പ്പെട്ട ഒരാളെ പരിഗണിക്കുന്നതിന്റെ ഭാഗമായാണ് സീറ്റ് മാത്യു കുളത്തുങ്കലിന് തെളിയുന്നത്.
മാത്യു കുളത്തുങ്കലിന് പുറമെ, ഓര്‍ത്തഡോക്സ് വിഭാഗത്തില്‍ തന്നെ പെട്ടതും, നിലവിലെ ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജിനും സീറ്റ് സാധ്യത തെളിയുന്നുണ്ട്. തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, കോന്നി മണ്ഡലത്തില്‍ സജീവമായി പ്രവര്‍ത്തിച്ച് വരികയാണ് ബാബു ജോര്‍ജ്. നേരത്തെ, ഉപതെരഞ്ഞെടുപ്പിലും അദ്ദേഹത്തിന്റെ പേര് ഉയര്‍ന്ന് വന്നിരുന്നു. ഇരുപത്തിമൂന്നു വര്‍ഷമായി യുഡിഎഫ് അടക്കി വാണിരുന്ന കോന്നി അട്ടിമറി വിജയത്തോടെയാണ് കെയു ജനീഷ് കുമാര്‍ എംഎല്‍എ വിജയിച്ച് കയറിയത്. ചരിത്രം തിരുത്തി കുറിച്ചുള്ള വിജയമായിരുന്നു അത്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് പോരാട്ടത്തിന് കളത്തിലിറങ്ങാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നത്.
Discussion about this post