കോട്ടയം: വെള്ളമടിച്ച് ഹോട്ടലിലെത്തിയ യുവാവ് ഉടമയെ മര്‍ദ്ദിച്ച് പണവുമായി കടന്നു. കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിലാണ് സംഭവം. മദ്യപിച്ചെത്തിയ ഇയാള്‍ ഭക്ഷണം ചോദിച്ച ശേഷം ഹോട്ടലുടമയെ മര്‍ദ്ദിച്ച് ക്യാഷ് കൗണ്ടറിലുണ്ടായിരുന്ന പണവുമായി കടക്കുകയായിരുന്നു.
അമ്മഞ്ചേരി നാല്‍പാത്തിമല സ്വദേശി ക്രിസ്റ്റിക്ക് (ജംപര്‍ ക്രിസ്റ്റി- 26) ആണ് ഹോട്ടലുടമയുടെ പണവും മോഷ്ടിച്ച് കടന്നുകളഞ്ഞത്. സംഭവത്തില്‍ ക്രിസ്റ്റിക്ക് എതിരെ പൊലീസ് കേസെടുത്തു. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. വെള്ളമടിച്ചെത്തിയ ക്രിസ്റ്റി ചിക്കന്‍ ഫ്രൈ വേണമെന്ന് ആവശ്യപ്പെട്ടു.
എന്നാല്‍ ഹോട്ടലുടമ ചിക്കന്‍ ഫ്രൈ ഇല്ലെന്ന് പറഞ്ഞതോടെ യുവാവ് ദേഷ്യപ്പെട്ടു. തുടര്‍ന്ന് വടിവാള്‍ വീശി ഹോട്ടലില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് ഉടമയെയും ജീവനക്കാരനെയും ആക്രമിച്ച ശേഷം പണം അപഹരിച്ച് കടക്കുകയായിരുന്നു.
ഞായറാഴ്ച രാത്രി 12ന് എംസി റോഡില്‍ ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജംഗ്ഷനു സമീപം താരാ ഹോട്ടലിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ചിക്കന്‍ ഫ്രൈ ചോദിച്ചാണ് ഇയാള്‍ എത്തിയത്. ഭക്ഷണം തീര്‍ന്നെന്നും ഹോട്ടല്‍ അടയ്ക്കാന്‍ പോകുകയാണെന്നും ഉടമ രാജു ജോസഫ് പറഞ്ഞു.
ഇതോടെ അസഭ്യം പറഞ്ഞ് ഇയാള്‍ രാജുവിനും ജീവനക്കാര്‍ക്കും നേരെ വടിവാള്‍ വീശി കടയിലേക്കു കയറി. മേശയ്ക്കു മുകളില്‍ വിരിച്ച ഗ്ലാസ് തകര്‍ത്തു. ഹോട്ടലിലെ വെട്ടുകത്തി കൈക്കലാക്കി ജീവനക്കാരെ വെട്ടാന്‍ ശ്രമിച്ചെന്നും പൊലീസ് പറഞ്ഞു. ജീവനക്കാര്‍ ഇറങ്ങിയോടി.
ക്യാഷ് കൗണ്ടറില്‍ നിന്നു പണം തട്ടിയ ശേഷം, ഹോട്ടലിനു സമീപം കാത്തു നിന്ന സുഹൃത്തിനൊപ്പം ഇയാള്‍ ബൈക്കില്‍ കടന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണു പ്രതിയെ തിരിച്ചറിഞ്ഞത്. പട്ടിത്താനത്ത് എക്‌സൈസ് സംഘത്തെ ആക്രമിച്ച കേസിലും ഏറ്റുമാനൂര്‍ പൊലീസിനു നേരെ പെട്രോള്‍ ബോംബെറിഞ്ഞ കേസിലും പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
പരുക്കേറ്റ രാജു, ജീവനക്കാരന്‍ തമിഴ്‌നാട് സ്വദേശി വിജയ് (41) എന്നിവര്‍ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.