നെഞ്ചില്‍ കുറിച്ചിട്ടോ, കാട്ടുകള്ളന്‍മാരായ നിങ്ങളെ തളയ്ക്കുക തന്നെ ചെയ്യും..! എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കെഎം ഷാജിക്കെതിരെ കേസ്

കണ്ണൂര്‍: എസ്‌ഐയെ ഭീഷണിപ്പെടുത്തിയ പരാതിയില്‍ കെഎം ഷാജിക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടത്തിയ പൊതുയോഗത്തില്‍ വെച്ച് കണ്ണൂര്‍ ടൗണ്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയതിനാണ് കേസ്.

കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ ഷാജിയുടെ തെരഞ്ഞെടുപ്പുകേസിലെ ഔദ്യോഗിക സാക്ഷിയായ ടൗണ്‍ എസ്‌ഐ ശ്രീജിത്ത് കൊടേരി, കണ്ണൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ കെവി ഷാജു എന്നിവരെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്.

സിപിഎമ്മിന്റെ കൂലിക്കാരാണ് ശ്രീജിത്ത് കൊടേരിയും ഷാജുവുമെന്നും നക്കാപ്പിച്ചയ്ക്ക് വേണ്ടി ഔദ്യോഗിക സാക്ഷിയായി പദവിയെ തന്നെ കളങ്കപ്പെടുത്തി, നെഞ്ചില്‍ കുറിച്ചിട്ടോ കാട്ടുകള്ളന്‍മാരായ നിങ്ങളെ തളയ്ക്കുക തന്നെ ചെയ്യും, എന്ന പ്രസംഗമാണ് കേസിനാസ്പദമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Exit mobile version