മലപ്പുറം: മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവില്‍ വീണ്ടും അപകടം. പൊലിഞ്ഞത് രണ്ട് ജീവനുകള്‍. ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. ലോറിക്കടിയില്‍ അകപ്പെട്ട രണ്ട് പേരാണ് അതിദാരുണമായി മരണപ്പെട്ടത്. ഇരുവരും ലോറിയിലെ ജീവനക്കാരാണ്.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്. ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് ഇരുമ്പ് കമ്പിയുമായി വന്ന ലോറി വളവില്‍ വെച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ പോലീസും നാട്ടുകാരും ചേര്‍ന്നാണ് ലോറിക്കടിയില്‍പ്പെട്ടവരെ പുറത്തെടുത്തത്.
സ്ഥിരമായി അപകടമുണ്ടാകുന്ന മേഖലയാണ് വട്ടപ്പാറ വളവ്. നിരവധി ജീവനുകളാണ് ഈ വളവില്‍ ദിനംപ്രതി പൊലിയുന്നത്. റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന ആവശ്യം തുടര്‍ച്ചയായി ഉയര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായി ചില നവീകരണ പ്രവൃത്തികള്‍ മേഖലയില്‍ നടന്നുവരുന്നതിനിടെയാണ് വീണ്ടും അപകടമുണ്ടായതും രണ്ട് ജീവന് നഷ്ടപ്പെട്ടതും.
Discussion about this post