അടൂര്‍: എട്ടുവയസുകാരന്റെ കാലില്‍ ചട്ടുകംവെച്ച് പൊള്ളിച്ച കേസില്‍ അച്ഛന് അറസ്റ്റില്‍. പള്ളിക്കല്‍ കൊച്ചുതുണ്ടില്‍ കിഴക്കേതില്‍ ശ്രീകുമാറിനെ(31) ആണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പഠിക്കാത്തതിന്റെ പേരിലാണ് ശ്രീകുമാര്‍ മകന്റെ കാലില്‍ ചട്ടുകം വെച്ച് പൊള്ളിച്ചത്.
ജനുവരി 30-നാണ് സംഭവം നടന്നത്. ശ്രീകുമാര്‍ മൂന്നാംക്ലാസില്‍ പഠിക്കുന്ന മകനോട് പാഠഭാഗങ്ങള്‍ പഠിക്കാന്‍ പറഞ്ഞിട്ട് പുറത്തേക്കുപോയി. വൈകീട്ട് തിരികെവന്ന് കുട്ടിയോട് പഠിച്ചോ എന്ന് അന്വേഷിച്ചപ്പോള്‍ പഠിച്ചില്ലെന്നായിരുന്നു കുട്ടിയുടെ മറുപടി.
തുടര്‍ന്ന് കുട്ടിയോട് തട്ടിക്കയറിയ ശ്രീകുമാര്‍ ചട്ടുകം തീയില്‍ ചൂടാക്കി മകന്റെ കാലില്‍ വെയ്ക്കുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട അമ്മ വിവരം മറ്റുള്ളവരുമായി പങ്കുവെച്ചു. തുടര്‍ന്ന് നാട്ടുകാര്‍ ഗ്രാമപ്പഞ്ചായത്തംഗം വനേഷ് വഴി ചൈല്‍ഡ് വെല്‍ഫെയറിനെയും പോലീസിനെയും അറിയിച്ചു.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം തിങ്കളാഴ്ച രാത്രി ശ്രീകുമാറിനെ പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു. മുമ്പ് മൂന്നുതവണ ഇയാള്‍ കുട്ടിയെ ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ചതായി പോലീസ് പറഞ്ഞു. അടൂര്‍ എസ്.ഐ. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്.
Discussion about this post