തിരുവനന്തപുരം: ദേശീയപാതയില്‍ പന്തിനു പിന്നാലെ ഓടിയെത്തിയ രണ്ടുവയസ്സുകാരനെ രക്ഷപ്പെടുത്തിയ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ഡ്രൈവര്‍ക്ക് ആദരം. പാപ്പനംകോട് യൂണിറ്റിലെ ഡ്യൂട്ടി നമ്പര്‍. 83 സര്‍വീസ് നടത്തിയ ഡ്രൈവര്‍ കെ രാജേന്ദ്രനെയാണ് പാപ്പനംകോട് ഡിപ്പോയില്‍ നടന്ന ചടങ്ങില്‍ ആദരിച്ചത്.
തിരുവനന്തപുരം ഉദയന്‍കുളങ്ങരയില്‍ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഡ്രൈവറുടെ മനസാന്നിധ്യം കൊണ്ട് മാത്രമാണ് വന്‍ അപകടം ഒഴിവായതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.
മികച്ച പ്രവര്‍ത്തനത്തിലൂടെ മാതൃകകാട്ടിയ ഡ്രൈവര്‍ കെ രാജേന്ദ്രന് ഗുഡ് സര്‍വീസ് എന്‍ട്രി സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് സിഎംഡി ബിജു പ്രഭാകര്‍ അറിയിച്ചു. തുടര്‍ന്ന് റോഡ് സുരക്ഷയുമായി ബന്ധപ്പെട്ടുള്ള യോഗം സംഘടിപ്പിക്കുകയും ചെയ്തു. ദൂരെ നിന്ന് തന്നെ കുട്ടി റോഡിലേക്ക് ഓടി വരുന്നത് ശ്രദ്ധയില്‍പ്പെട്ടെന്നും അതിനാലാണ് ബസ് നിര്‍ത്താനായതെന്ന് ഡ്രൈവര്‍ പറഞ്ഞു.
നെയ്യാറ്റിന്‍കര സ്വദേശികളുടെ കുഞ്ഞാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. കുഞ്ഞിന് സൈക്കിള്‍ വാങ്ങാന്‍ എത്തിയതായിരുന്നു ഇവര്‍. രക്ഷിതാക്കള്‍ കടയുടെ അകത്ത് കയറിയപ്പോള്‍ കുട്ടികള്‍ കടയ്ക്കു മുന്നില്‍ പന്തുമായി കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. പന്ത് റോഡിലേക്ക് പോയതോടെ ആറ് വയസ്സുകാരനായ മൂത്ത കുട്ടി റോഡിലേക്ക് ഓടി. എന്നാല്‍ വാഹനം വരുന്നത് കണ്ട് ഒതുങ്ങി നിന്നെങ്കിലും പിന്നാലെ എത്തിയ രണ്ട് വയസ്സുകാരനായ സഹോദരന് പന്തിന് പിറകെ റോഡിലേക്ക് ഓടുകയായിരുന്നു.
കുഞ്ഞ് റോഡിന് നടുവില്‍ എത്തിയപ്പോഴാണ് എല്ലാവരും ശ്രദ്ധിക്കുന്നത്. ഇതിനിടയില്‍ കുട്ടിക്ക് സമീപമെത്തിയ ബസ് ബ്രേക്കിട്ട് നിര്‍ത്തി കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു. ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ മൂലം തലനാരിഴയ്ക്കാണ് കുഞ്ഞ് രക്ഷപ്പെട്ടത്. കടയിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും വാര്‍ത്തയാകുകയും ചെയ്തിരുന്നു.
തിരക്കേറിയ റോഡില്‍ വാഹനങ്ങള്‍ ചീറിപ്പായുന്ന സമയത്തായിരുന്നു ഇത്. എന്നാല്‍ വാഹനങ്ങളെയൊന്നും ശ്രദ്ധിക്കാതെ രണ്ടുവയസുകാരന് റോഡിലേക്കു ഓടി. ഇതുകണ്ടു മാതാപിതാക്കള്‍ക്ക് നിലവിളിക്കാനെ സാധിച്ചിരുന്നുള്ളു. വേഗതയിലെത്തിയ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ് ശക്തമായി ബ്രേക്കിട്ടതിനാലാണ് കുട്ടി അപകടത്തില്‍നിന്ന് രക്ഷപെട്ടത്.
കുട്ടി നിന്നിരുന്നതിന്റെ രണ്ടു മീറ്റര്‍ മാത്രം അകലെയാണ് വന്‍ ശബ്ദത്തോടെ ബസ് നിന്നത്. റോഡിന് നടുവിലേക്ക് ഓടുന്നതു കണ്ട് ബസിനുള്ളില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ ബഹളമുണ്ടാക്കിയിരുന്നു.
ബസിന് മുന്നില്‍നിന്ന് മാത്രമല്ല, എതിര്‍ദിശയില്‍ അമിതവേഗത്തില്‍ വന്ന ബൈക്കും കുട്ടിയെ ഇടിച്ചുവീഴ്ത്താതെ നേരിയ വ്യത്യാസത്തില്‍ കടന്നുപോയി. ഏറെ തിരക്കേറിയ സമയത്തായിരുന്നു ഈ സംഭവം.
അവിടെ കൂടിയവരെല്ലാം കുട്ടിയെ ശ്രദ്ധിക്കാത്തതിന് മാതാപിതാക്കളെ ശാസിച്ചു. ഏതായാലും പന്തെടുക്കാന്‍ നടുറോഡിലേക്ക് ഓടി ബസിന് മുന്നില്‍ അകപ്പെട്ടിട്ടും തലനാരിഴയ്ക്ക് കുട്ടി രക്ഷപ്പെടുന്ന ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
Discussion about this post