ന്യൂഡൽഹി: കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പ്രഖ്യാപിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ രാജ്യത്തിന് വൻ പ്രതീക്ഷ. കോവിഡ് വ്യാപനത്തിന് ശേഷം പ്രതിസന്ധിയിലായ രാജ്യത്തെ സാമ്പത്തികരംഗം വലിയ തരത്തിലുള്ള പ്രഖ്യാപനങ്ങൾക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
പാർലമെന്റിൽ ഇന്ന് കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിക്കും. കോവിഡ് കാരണം മാന്ദ്യത്തിലായ സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുവരവിന് ഉത്തേജനം നൽകുന്ന പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് തന്നെയാണ് സകല പ്രതീക്ഷയും.
അസ്വസ്ഥമായ കാർഷികമേഖലയും വലിയ പ്രതീക്ഷയിലാണ്. കർശകരുൾപ്പടെ സമരത്തിൽ കഴിയവെ കൂടുതൽ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നു. ‘ആത്മനിർഭർ ഭാരതി’ന്റെ ഭാഗമായുള്ള നടപടികൾക്ക് ഊന്നൽ ലഭിക്കും. രാവിലെ പതിനൊന്നിനാണ് ബജറ്റ് അവതരണം.
സാമ്പത്തികമാന്ദ്യത്തിന്റെ വക്കിൽ നിൽക്കുന്ന രാജ്യത്തിന് ഇരുട്ടടിയായാണ് കോവിഡ് വ്യാപനവും ലോക്ക്ഡൗണും കടന്ന് വന്നത്. ഇതോടെ 2019-20ൽ മൊത്ത ആഭ്യന്തര ഉത്പാദനം നാലു ശതമാനമായി കുറഞ്ഞിരുന്നു. നിക്ഷേപരംഗത്തും കനത്ത ഇടിവ് ഉണ്ടായി. കോവിഡ് കാരണമുണ്ടായ സാമ്പത്തികപ്രതിസന്ധി നിയന്ത്രിക്കാൻ രണ്ട് ഉത്തേജന സാമ്പത്തിക പാക്കേജുകൾ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. പതിയെ സാമ്പത്തിക രംഗം ഉണർവ് കാണിക്കുന്നുണ്ടെന്നാണ് കേന്ദ്രം നൽകുന്ന സൂചനകൾ എന്നാൽ, ചെറുകിട വ്വസായ മേഖല ഉൾപ്പടെ വലിയ തകർച്ചയിലും തൊഴിൽ നഷ്ടത്തിലുമാണ്.
Discussion about this post