‘അതെന്റെ പെൻഷൻ കാശായിരുന്നു’;പണം നഷ്ടപ്പെട്ട് വാവിട്ട് കരഞ്ഞ കൃഷ്ണമ്മയെ തേടിയെത്തി അനേകർ; ആശ്വസിപ്പിച്ചും സഹായിച്ചും കൃഷ്ണമ്മയെ ചേർത്ത് നിർത്തി; നന്മ

തിരുവനന്തപുരം: താനിത്ര നാളും സ്വരുക്കൂട്ടി വെച്ച പണം ബസ് യാത്രയ്ക്കിടെ ആരോ കവർന്ന വേദനയിൽ നെഞ്ചുരുകി കരഞ്ഞ കൃഷ്ണമ്മയെ തേടി സഹായവുമായി അനേകം പേർ ഓടിയെത്തി. ആ സഞ്ചിയിലെ പണത്തിന് ഒരായുസിന്റെ വിലയുണ്ടെന്ന് തിരിച്ചറിഞ്ഞ് പ്രവാസി മലയാളികൾ ഉൾപ്പടെ നിരവധി പേരാണ് സഹായവുമായി എത്തിയത്.

ബസ് യാത്രയ്ക്കിടെ തന്റെ പണമടങ്ങിയ പഴ്‌സ് നഷ്ടപ്പെട്ട പൂജപ്പുര കൈലാസ് നഗർ സ്വദേശി കൃഷ്ണമ്മയുടെ വാർത്ത മാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞാണ് സഹായിക്കാനായി നിരവധി പേരെത്തിയത്. നഷ്ടപ്പെട്ട പണം നൽകി പലരും സഹായിക്കുകയും ചെയ്തു.

സാമ്പത്തികമായ സഹായത്തേക്കാൾ തന്റെ സങ്കടത്തിൽ പങ്കുചേർന്ന് ആശ്വസിപ്പിക്കാൻ ഒട്ടേറെ പേർ എത്തിയതിന്റെ ആഹ്ലാദത്തിലാണ് ഇപ്പോൾ കൃഷ്ണമ്മ. കണ്ണീരെല്ലാം സന്തോഷത്തിന് വഴിമാറിയപ്പോഴുംകൃഷ്ണമ്മയ്ക്ക് കണ്ണീരടക്കാനാകുന്നില്ല; പക്ഷെ ആനന്ദക്കണ്ണീർ ആണെന്നുമാത്രം.

മരുന്നും ഭക്ഷണം പോലും നിയന്ത്രിച്ച് വാർധക്യ പെൻഷൻ തുകയിൽ നിന്ന് മിച്ചംപിടിച്ച് സ്വരുക്കൂട്ടിയ 15000ത്തോളം രൂപയുമായി ശനിയാഴ്ച ലോൺ അടയ്ക്കാനായി പോകുന്നതിനിടെയാണ് സഞ്ചിയിൽ നിന്നും പഴ്‌സ് നഷ്ടമായത്. പാളയത്ത് ബസ് ഇറങ്ങിയപ്പോഴാണ് പണം മോഷ്ടിക്കപ്പെട്ടെന്ന് അറിഞ്ഞ് കൃഷ്ണമ്മയെന്ന ഈ 80കാരി നടുറോഡിൽ തളർന്നിരുന്ന് വാവിട്ടു കരഞ്ഞുപോയത്.

സഹായവുമായി പിങ്ക് പോലീസും ജില്ലാ പോലീസും രംഗത്തെത്തിയെങ്കിലും കൃഷ്ണമ്മയുടെ സഞ്ചി കീറി പഴ്‌സ് മോഷ്ടിച്ചയാളെ കണ്ടെത്താനായില്ല. സിസിടിവി അടക്കം പരിശോധിച്ചിട്ടും ഫലമുണ്ടായില്ല. ഒടുവിൽ ബസ് പൈസപോലും ഇല്ലാതിരുന്ന കൃഷ്ണമ്മയെ ശ്രീകാര്യത്തെ മകളുടെ വീട്ടിലേക്ക് പിങ്ക് പോലീസ് തന്നെ എത്തിക്കുകയായിരുന്നു.

കൃഷ്ണമ്മയുടെ കരളലിയിക്കുന്ന വാർത്ത ശ്രദ്ധയിൽപ്പെട്ട പൂജപ്പുര പോലീസ് മുൻകൈയെടുത്ത് ചെറിയൊരു തുക ഞായറാഴ്ച രാവിലെ തന്നെ കൃഷ്ണമ്മയ്ക്ക് നൽകയിരുന്നു. ഈ സ്റ്റേഷനിലെ റൈറ്റർ രാജശേഖരന്റെ നേതൃത്വത്തിലായിരുന്നു സമാഹരണം. പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാതെ സഹായിക്കാൻ നിരവധിപേരെത്തി. വിദേശത്ത് ജോലി ചെയ്യുന്ന ചില മലയാളികളും സഹായഹസ്തവുമായെത്തി. എന്നാൽ, നഷ്ടമായത് വലിയ തുക അല്ലാത്തതിനാൽ ഇവർ പല സഹായങ്ങളും നിരസിച്ചു.

Exit mobile version