കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പരസ്യത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച സംഭവത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് മുഖപത്രം ‘വീക്ഷണം’. ബഹുമാന അര്‍ത്ഥത്തിലാണ് ഈ പദം ഉപയോഗിക്കുന്നതെന്നാണ് വീക്ഷണത്തിന്റെ പക്ഷം.
ആദരാഞ്ജലി എന്ന വാക്ക് പ്രയോഗപരമായി തെറ്റല്ലെന്നും ആദരവോടെയുള്ള കൂപ്പുകൈ എന്നര്‍ത്ഥത്തിലാണ് സാധാരണ അത്തരം പ്രയോഗങ്ങള്‍ നടത്താറുള്ളതെന്നും വിശദീകരണക്കുറിപ്പില്‍ വീക്ഷണം പറയുന്നു.
ഫൈനല്‍ പ്രൂഫിന് ശേഷം മാറ്ററില്‍ അത്തരമൊരു തിരുത്ത് വരുത്താന്‍ ആര്‍ക്കും അധികാരമില്ലെന്നും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും നിയമനടപടിയുമായി മാനേജ്മെന്റ് മുന്നോട്ടു പോകുമെന്നും വീക്ഷണം ഓണ്‍ലൈന്‍ എഡിഷനില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ പറയുന്നു.
പാര്‍ട്ടി മുഖപത്രത്തില്‍, യാത്രയ്ക്ക് അഭിവാദ്യം അര്‍പ്പിച്ചുള്ള മുഴുവന്‍ പേജ് പരസ്യത്തിലാണ് പിഴവ് സംഭവിച്ചത്. ആശംസകളോടെ എന്നതിനു പകരം ‘ആദരാഞ്ജലികളോടെ’ എന്നാണ് അച്ചടിച്ചിരിക്കുന്നത്.
യുഡിഎഫ് പ്രചരണത്തിന് തുടക്കമിടുന്ന ദിവസം തന്നെ പാര്‍ട്ടി മുഖപത്രത്തില്‍ ചെന്നിത്തലയ്ക്കെതിരെ പരസ്യം വന്നത് കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരുന്നു.ഇത്തരമൊരു തെറ്റുവരുത്തിയതിന് പിന്നില്‍ എ ഗ്രൂപ്പാണെന്ന ആരോപണവും ഐ ഗ്രൂപ്പ് ആരോപിച്ചു. താന്‍ നയിക്കുന്ന ഐശ്വര്യകേരള യാത്രയ്ക്ക് ആശംസകള്‍ അര്‍പ്പിക്കുന്ന പരസ്യത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചതില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിശദീകരണം തേടിയിരുന്നു.
പരസ്യത്തിലെ പാകപ്പിഴ മൂലം അതിനു മുന്നേ തന്നെ യാത്ര വാര്‍ത്തയായിരിക്കുകയാണ്. തുടങ്ങും മുന്നേ യാത്രയ്ക്ക് ആദരാഞ്ജലികള്‍ അര്‍പിച്ചുകൊണ്ടുള്ള പരസ്യം പ്രത്യക്ഷപ്പെട്ടത് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലും ചിരിപടര്‍ത്തുന്നുണ്ട്.
ഞായറാഴ്ച വൈകുന്നേരം മൂന്നു മണിക്ക് കാസര്‍കോട് കുമ്പളയിലാണ് ഐശ്വര്യ കേരളയാത്ര മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യാത്ര ഉദ്ഘാടനം ചെയ്യുന്നത്. 140 നിയോജകമണ്ഡലങ്ങളിലും പര്യടനം നടത്തി ഫെബ്രുവരി 22 ന് റാലിയോടെയാണ് യാത്ര തിരുവനന്തപുരത്ത് സമാപിക്കുന്നത്.
Discussion about this post