കൊച്ചി: കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന് ഉടന്‍ എത്തുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എക്സിം ഡയറക്ടര്‍ പിസി നമ്പ്യാര്‍. 2021 ഒക്ടോബര്‍ മാസത്തോടെ കുഞ്ഞുങ്ങള്‍ക്ക് നല്കാനാവുന്ന കോവിഡ് വാക്സിന് ലഭ്യമാവും.
ജനിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഇത് കുട്ടികള്‍ക്ക് നല്‍കാനാവുമെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. ഔദ്യോഗിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ ഉപയോഗത്തിലുള്ള കോവിഡ് വാക്സിനുകള്‍ കുട്ടികള്‍ക്ക് അനുയോജ്യമല്ലെന്നും കുട്ടികള്‍ക്ക് നല്‍കേണ്ടതില്ലെന്നുമാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.
അമേരിക്കന്‍ കമ്പനി നോവൊ വാക്സുമായി ചേര്‍ന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വികസിപ്പിക്കുന്ന കോവിഡ് വാക്സിന് ജൂണില്‍ വിതരണത്തിന് തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു. ജനിതകമാറ്റം വന്ന വൈറസുകള്‍ക്കും വാക്സിന് ഫലപ്രദമാകും.
കോവിഡ് പ്രതിരോധ വാക്സിനായ കൊവീഷീല്‍ഡ് വിതരണത്തിന് പിന്നാലെയാണ് അമേരിക്കന്‍ കമ്പനി നോവൊ വാക്സുമായി ചേര്‍ന്ന് പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പുതിയ വാക്സിന് വിതരണത്തിന് എത്തിക്കുന്നത്. വാണിജ്യ അടിസ്ഥാനത്തിലുള്ള വിതരണത്തിന് കേന്ദ്രത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. അനുമതി ലഭിച്ചാലുടന്‍ വാക്സിന് ഉല്‍പ്പാദനം ഇരട്ടിയാക്കാനാണ് തീരുമാനം.
നോവാവാക്സിന്റെ കോവിഡ് വാക്സിന് അമേരിക്കയില്‍ നടത്തിയ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ 89.3 ശതമാനം ഫലപ്രാപ്തി കാണിച്ചിരുന്നു. ജനുവരി 16 മുതല്‍ രാജ്യത്ത് കോവിഡ് വാക്സിന് കുത്തിവെയ്പ്പ് ആരംഭിച്ചിരുന്നു. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുമായി ചേര്‍ന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിച്ച കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കൊവാക്സിന് എന്നിവയ്ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.
Discussion about this post