തൃപ്പൂണിത്തുറ: കുടുംബം പുലര്‍ത്താന്‍ രാപകലില്ലാതെയുള്ള ഓട്ടത്തിലായിരുന്നു തമ്പി. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ച് പുതുജീവന്‍ നല്‍കിയുള്ള മടക്ക യാത്രയിലായിരുന്നു വിധി അപകട രൂപത്തിലെത്തി തമ്പിയെയും കവര്‍ന്നത്. ഇന്ന് നാടിന്റെ നൊമ്പരമായി തീര്‍ന്നിരിക്കുകയാണ് തമ്പി. തൃപ്പൂണിത്തുറ പുതിയകാവ് ‘നന്ദനം’ കരിയാപറമ്പില്‍ എംവി തമ്പിയുടെ ദാരുണമരണം ഇന്ന് കണ്ണീര്‍ കാഴ്ചയാണ്.
രണ്ടു പെണ്‍മക്കളും ഭാര്യയുമടങ്ങുന്ന നിര്‍ധന കുടുംബത്തിന്റെ ഏക അത്താണി. ഒരു മകളുടെ കല്യാണം കഴിഞ്ഞു. രണ്ടാമത്തെ മകളുടെ കല്യാണം നടത്തുന്നതിനായുള്ള നെട്ടോട്ടത്തിലായിരുന്നു തമ്പി. ഈ ഓട്ടത്തിനിടയില്‍ തമ്പിയെ അപകടം കവര്‍ന്നെടുക്കുകയായിരുന്ന. രാവിലെ 6.30-ന് തുടങ്ങുന്ന തമ്പിയുടെ ഓട്ടം രാത്രി പത്തു വരെ നീളും.
ഓട്ടം കുറവുള്ള സമയങ്ങളില്‍ സമീപത്ത് സൗണ്ട് സ്ഥാപനത്തിന്റെ ജീപ്പ് ഓടിക്കാനും മറ്റ് കൂലിപ്പണിക്കുമൊക്കെ പോകും. അങ്ങനെ രാപ്പകല്‍ ഇല്ലാതെയുള്ള അധ്വാനത്തിനാണ് കണ്ണീരോടെ സമാപനമായത്. മരടിലെ പഴയ സിനി തീയ്യേറ്ററിന് സമീപം ഓട്ടോ മതിലിലിടിക്കുകയായിരുന്നു. തൃപ്പൂണിത്തുറ സ്റ്റാച്യൂവിലെ ഓട്ടോ സ്റ്റാന്‍ഡില്‍ 25 വര്‍ഷത്തോളമായി ഓട്ടോ ഡ്രൈറാണ് തമ്പി.
ദിവസവും രാവിലെ 6.30-ന് ഒരു യാത്രക്കാരിയെ മരട് കണ്ണാടിക്കാട് ഭാഗത്ത് കൊണ്ടാക്കുകയും വൈകീട്ട് അവരെ തിരികെ വീട്ടിലെത്തിക്കുകയും ചെയ്യുന്ന ട്രിപ്പ് തമ്പിക്ക് സ്ഥിരമായി ഉണ്ട്. ആ ട്രിപ്പ് കഴിഞ്ഞ് വരുമ്പോഴായിരുന്നു കാറും ലോറിയുമായുള്ള അപകടം കാണുന്നതും പരിക്കേറ്റയാളെ ഓട്ടോയില്‍ തമ്പി ആശുപത്രിയിലെത്തിച്ചതും.
ഓട്ടോയില്‍ മറ്റൊരാളും ഉണ്ടായിരുന്നു. തിരിച്ചു പോരുംവഴി വണ്ടി നിയന്ത്രണം തെറ്റി. കൂടെയുണ്ടായിരുന്നയാള്‍ ഓട്ടോ നിയന്ത്രണം തെറ്റുന്നതു കണ്ട് ചാടിയിറങ്ങി. എന്നാല്‍, തമ്പിക്ക് രക്ഷപ്പെടാനായില്ല. അപകടം നടന്ന സമയത്ത് തന്നെ തമ്പി മരണത്തിന് കീഴടങ്ങുകയായിരുന്നു.
Discussion about this post