തിരുവനന്തപുരം: വാർധക്യ പെൻഷനിൽ നിന്നും മറ്റും മിച്ചം പിടിച്ച് കൂട്ടിവെച്ച സമ്പാദ്യം കള്ളൻ മോഷ്ടിച്ചുകൊണ്ടുപയത് ഇനിയും വിശ്വസിക്കാനായിട്ടില്ല കൃഷ്ണമ്മയ്ക്ക്. ഇത്രനാളും സ്വരൂപിച്ച ആ പതിനയ്യായിരം രൂപയുമായി ബാങ്കിൽ ലോൺ അടയ്ക്കാൻ പുറപ്പെട്ടപ്പോഴാണ് പണം പാതിവഴിയയിൽ വെച്ച് മോഷ്ടിക്കപ്പെട്ടെന്ന് 80കാരിയായ കൃ്ണമ്മ അറിഞ്ഞത്. പിന്നീട് ഒരടി പോലും മുന്നോട്ട് വെയ്ക്കാനാകാതെ നടുറോഡിൽ തളർന്നിരുന്നു കരയുകയായിരുന്നു ഈ വയോധിക. താൻ കൂട്ടിവെച്ച പണം നഷ്ടമായതറിഞ്ഞതോടെ അവർ പരിസരം മറന്ന് കരഞ്ഞുപോയി. ആഹാരവും മരുന്നുപോലും മാറ്റിവെച്ച് മിച്ചംപിടിച്ചുണ്ടാക്കിയ പണമായിരുന്നു അതെന്ന് അവർ പറഞ്ഞു.
‘വാർധക്യ പെൻഷൻ ഇന്നു മിച്ചംപിടിച്ച കാശാണ്…എനിക്കത് കണ്ടുപിടിച്ചു തരണേ..’. പൂജപ്പുര കൈലാസ് നഗർ സ്വദേശിയായ കൃഷ്ണമ്മ പോലീസിനോടും ചുറ്റും കൂടിയ നാട്ടുകാരോടും അപേക്ഷിച്ചതിങ്ങനെ.
വായ്പ അടയ്ക്കാനായി ശ്രീകാര്യത്തെ ബാങ്കിലേക്കുള്ള യാത്രയ്ക്കിടെ പാളയത്ത് ബസിൽ വന്നിറങ്ങുമ്പോഴാണ് കൃഷ്ണമ്മ സഞ്ചിയിലുണ്ടായിരുന്ന പതിനയ്യായിരം രൂപയടങ്ങിയ പഴ്‌സ് നഷ്ടപ്പെട്ടത് അറിയുന്നത്. ബസ് പോയിക്കഴിഞ്ഞപ്പോഴാണ് സഞ്ചി കീറിയിരിക്കുന്നതു കണ്ടത്. ഉള്ളിലുണ്ടായിരുന്ന പണമടങ്ങിയ പഴ്‌സ് ബസിൽ നിന്നും ആരോ കവർന്നതാണ്. സങ്കടം സഹിക്കാനാകാതെ നടപ്പാതയിലിരുന്ന് പൊട്ടിക്കരയുന്ന വൃദ്ധയെക്കണ്ട് സ്ഥലത്തുണ്ടായിരുന്ന പിങ്ക് പോലീസ് സഹായത്തിനെത്തി.
ഉടൻതന്നെ എസ്‌ഐ റസിയാ ബീഗത്തിന്റെ നേതൃത്വത്തിൽ അന്വേഷണവും ആരംഭിച്ചു. വയർലസ് സന്ദേശം നൽകി ആ റൂട്ടിലെ സ്വകാര്യ ബസുകൾ മുഴുവൻ പരിശോധിച്ചെങ്കിലും പണം കണ്ടെത്താനായില്ല. പണം കിട്ടാതെ മടങ്ങിപ്പോവില്ല എന്നു പറഞ്ഞ് കരച്ചിൽ തുടർന്ന കൃഷ്ണമ്മയെ സമാധാനിപ്പിക്കാൻ പിങ്ക് പോലീസും പാടുപെട്ടു.
കൃഷ്ണമ്മയെ ആശ്വസിപ്പിച്ച വനിതാപോലീസ് ഇവരെ കന്റോൺമെന്റ് പോലീസ് സ്‌റ്റേഷനിൽ എത്തിച്ചു. ക്യാമറ പരിശോധന ഉൾപ്പെടെ നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. വണ്ടിക്കൂലിക്കുപോലും പണമില്ലാതിരുന്ന അവരെ ഒടുവിൽ മകൾ ലേഖയുടെ പൂജപ്പുരയിലെ വീട്ടിൽ പിങ്ക് പോലീസ് തന്നെ എത്തിക്കുകയായിരുന്നു.
Discussion about this post