കൊച്ചി: നാലരപതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് ആലപ്പുഴയുടെ സ്വപ്ന പദ്ധതിയായ ആലപ്പുഴ ബൈപാസ് യാഥാര്‍ഥ്യമായിരിക്കുകയാണ്. പലരുടെയും കുട്ടിക്കാലത്ത് പിച്ചവച്ച ബൈപ്പാസ് ഇപ്പോള്‍ പൂര്‍ണതയിലെത്തിയിരിക്കുമ്പോള്‍ പലരുടെയും മനസ്സില്‍ ഓര്‍മ്മകള്‍ നിറയുകയാണ്. അത്തരത്തില്‍ ഒരു ഓര്‍മ്മച്ചിത്രം പങ്കുവച്ചിരിക്കുകയാണ് മാതൃഭൂമി കൊച്ചി ചീഫ് ഫോട്ടോഗ്രാഫര്‍ ബി മുരളീകൃഷ്ണന്‍.
14 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബൈ പാസ് വൈകുന്നതില്‍ പ്രതിഷേധിച്ച് നടന്ന ബഹുജന കണ്‍വെന്‍ഷന്‍ ആണ് സംഭവം. 2007 നവംബര്‍ ഒന്‍പതിന് ആലപ്പുഴ ഐശ്വര്യ ഓഡിറ്റോറിയത്തില്‍ ആണ് പരിപാടി. സദസ്സിലിരുന്ന രണ്ടു വയസ്സു തോന്നിക്കുന്ന കുരുന്നാണ് താരം, ഇന്ന് വളര്‍ന്നുവലുതായ ആ കുഞ്ഞിനെ തേടുകയാണ് ഫോട്ടോഗ്രാഫര്‍ ബി മുരളീകൃഷ്ണന്‍.
സ്ഥലമെടുപ്പ് കഴിഞ്ഞ് 30 വര്‍ഷമായിട്ടും ബൈപാസ് യാഥാര്‍ഥ്യമാകാത്തതില്‍ പ്രതിഷേധിച്ച് ജനകീയ പ്രമേയം പാസാക്കാനാണ് യോഗം ചേര്‍ന്നത്. വേദിയില്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാ നേതാക്കന്‍മാരും ഉണ്ടായിരുന്നു.
അപ്പോഴാണ് സദസ്സില്‍ നിന്നും രണ്ടോ മൂന്നോ വയസ്സ് തോന്നിക്കുന്ന ഒരു കുരുന്ന്.
അവന്‍ വേദിക്ക് മുന്നില്‍ നിന്ന് കൈകള്‍ പിന്നില്‍കെട്ടി വേദിയിലെ ഗൗരവമായ പ്രസംഗങ്ങള്‍ കേള്‍ക്കുകയാണ്. ഇടയ്ക്ക് നിലത്ത് കിടന്നും, കസേരകള്‍ക്കിടയിലൂടെ ഓടിയുമെല്ലാം അവന്‍ യോഗത്തിലെ താരമായി മാറിയെന്ന് മുരളീകൃഷ്ണന്‍ പറയുന്നു.
അടുത്തദിവസം കണ്‍വെന്‍ഷന്‍ വാര്‍ത്തയ്ക്കൊപ്പം ‘പിച്ചവയ്ക്കുമോ ബൈപാസ്’ എന്ന ചേദ്യത്തിനൊപ്പം ആ കുരുന്ന് പ്രസംഗം കേള്‍ക്കുന്ന ചിത്രം മാതൃഭൂമി പ്രസിദ്ധീകരിച്ചു. ചിത്രത്തില്‍ അവന്റെ മുഖമില്ല. പക്ഷേ, കൗതുകത്തിനായി മുഖം ഉള്ള ഒരു ചിത്രവും സൂക്ഷിച്ചു വെച്ചു.
2007 ഒക്ടോബറില്‍ കൊച്ചിയില്‍ നിന്നും ആലപ്പുഴയിലേക്ക് സ്ഥലം മാറി പോയി. കൊച്ചിയുടെ വലിയ തിരക്കില്‍ നിന്നും ചെറുപട്ടണമായ ആലപ്പുഴയില്‍ എത്തുമ്പോള്‍ എന്റെ മനസ്സില്‍ ആദ്യം ഉടക്കിയത് പഴയ തുരുമ്പ് പിടിച്ച ഒരു മഞ്ഞ ബോര്‍ഡ് ആണ് ആലപ്പുഴ ജില്ലക്കാരനായ എന്റെ മനസ്സില്‍ കുട്ടികാലം മുതലേ പതിഞ്ഞതാണ് ആ മഞ്ഞ ബോര്‍ഡ്…
പിന്നീട് ബിരുദാനന്തര പഠനത്തിനായി എസ്.ഡി കോളേജില്‍ എത്തിയപ്പോഴും, വര്‍ഷങ്ങള്‍ക്കിപ്പുറം മാതൃഭൂമിയുടെ ന്യൂസ് ഫോട്ടോഗ്രാഫറായി വന്നപ്പോളും കളര്‍കോട് ജംഗ്ഷനില്‍ മഞ്ഞ ബോര്‍ഡിലെ കാലപ്പഴക്കത്താല്‍ മാഞ്ഞുതുടങ്ങിയ കറുത്ത അക്ഷരങ്ങള്‍ ‘ആലപ്പുഴ ബൈപാസ് ഇവിടെ തുടങ്ങുന്നു.’ അന്ന് ആ ചിത്രം പകര്‍ത്തുമ്പോള്‍ സത്യത്തില്‍ ആ കുട്ടിയോടൊപ്പം എന്റെ മനസ്സും വര്‍ഷങ്ങള്‍ പുറകോട്ടു സഞ്ചരിക്കുകയായിരുന്നു.
ഇന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ബൈപാസ് എന്ന ആലപ്പുഴക്കാരുടെ വിദൂര സ്വപ്നം യാഥാര്‍ഥ്യമായിരിക്കുന്നു. അന്ന് കഥയറിയാതെ ബൈപാസിനുവേണ്ടിയുള്ള സമരത്തില്‍ കണ്ണിയായ ആ കുരുന്ന് ഇന്ന് വളര്‍ന്ന് പത്താംക്ലാസ്സുകാരനെങ്കിലുമായിട്ടുണ്ടാകും. ഒരുപക്ഷെ അവനും ഉദ്ഘാടന സ്ഥലത്തു ആള്‍ക്കൂട്ടത്തിനിടയില്‍ കൈകള്‍ പുറകില്‍ കെട്ടി ഗൗരവത്തോടെ നിന്നിട്ടുണ്ടാവാം…
Discussion about this post