ഒമ്പതു വരെ വര്‍ഷാന്ത്യ പരീക്ഷ ഒഴിവാക്കും; പ്ലസ് വണ്ണിന്റെ തീരുമാനം പിന്നീട്

തിരുവനന്തപുരം: ഒമ്പതു വരെയുള്ള ക്ലാസുകളില്‍ വര്‍ഷാന്ത്യ പരീക്ഷ ഒഴിവാക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. നിലവില്‍ എട്ടാം ക്ലാസ് വരെയുള്ള എല്ലാവരേയും ജയിപ്പിക്കല്‍ (ഓള്‍ പ്രമോഷന്‍), ഒമ്പതില്‍ കൂടി നടപ്പാക്കാനാണ് ആലോചന. കുട്ടികളുടെ ഒരു വര്‍ഷം നഷ്ടപ്പെടാതെ അടുത്ത ക്ലാസിലേക്ക് പ്രവേശനം നടത്താനുള്ള നടപടികളിലാണ് വിദ്യാഭ്യാസ വകുപ്പ്.

വരുന്ന മാസങ്ങളില്‍ കോവിഡ് വ്യാപനം കൂടുമെന്ന റിപ്പോര്‍ട്ടുകള്‍ കൂടി കണക്കിലെടുത്താണ് ക്ലാസ് കയറ്റം വിദ്യാഭ്യാസ വകുപ്പ് ചിന്തിക്കുന്നത്. പ്ലസ് വണ്ണിന് സംസ്ഥാനത്ത് പൊതു പരീക്ഷയായതിനാല്‍ വിശദമായ ചര്‍ച്ചയ്ക്കു ശേഷം മാത്രമേ തീരുമാനം ഉണ്ടാകുകയൊള്ളുവെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

അടുത്ത ജൂണില്‍ സ്‌കൂള്‍ തുറക്കാനായാല്‍ അപ്പോള്‍ പ്ലസ് വണ്ണിന്റെ പരീക്ഷ നടത്താനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ട്. അധ്യയന വര്‍ഷം നഷ്ടപ്പെടാതെ വിദ്യാര്‍ഥി സൗഹൃദമായ നടപടികളായിരിക്കും കോവിഡിന്റെ പ്രത്യേക പശ്ചാത്തലത്തില്‍ ഉണ്ടാവുകയൊള്ളുവെന്നും ഇതു സംബന്ധിച്ച് നയപരമായ തീരുമാനം സര്‍ക്കാരില്‍ നിന്നുണ്ടാകുമെന്നും എസ്‌സിഇആര്‍ടി വ്യക്തമാക്കി.

കുട്ടിയുടെ പഠനനിലവാരത്തെ അളക്കാന്‍ രണ്ടുതരം ഉപാധികളാണ് അവലംബിച്ചു വന്നിരുന്നത്. നിരന്തര മൂല്യനിര്‍ണയം (കണ്ടിന്യുവസ് ഇവാല്യുവേഷന്‍), പാദാന്ത പരീക്ഷ (ടേമിനല്‍ ഇവാല്യുവേഷന്‍) എന്നിവയാണവ. കോവിഡ് പശ്ചാത്തലത്തില്‍ സ്‌കൂള്‍ തുറക്കാത്തതിനാല്‍ പാദാന്ത പരീക്ഷ നടത്തുക സാധ്യമല്ല.

ഓണ്‍ലൈന്‍ സംവിധാനത്തില്‍ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് പരീക്ഷ നടത്താനും പ്രായോഗിക തടസ്സങ്ങളുണ്ട്. എന്നാല്‍ അധ്യയന വര്‍ഷത്തിന്റെ തുടക്കം മുതല്‍ നടന്നു വന്ന ഓണ്‍ലൈന്‍ ക്ലാസുകളുടെ അടിസ്ഥാനത്തില്‍ കുട്ടികളെ വിലയിരുത്തി നിരന്തര മൂല്യനിര്‍ണയം അധ്യാപകര്‍ നടത്താനുള്ള നിര്‍ദേശമാണ് ക്ലാസ് കയറ്റത്തിനുള്ള ഉപാധിയായി ഉയര്‍ന്നു വരുന്നത്.

Exit mobile version