കാട്ടാനയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ട സംഭവം: റിസോര്‍ട്ട് ഉടമകള്‍ അറസ്റ്റില്‍

വയനാട്: മേപ്പാടിയില്‍ വിനോദ സഞ്ചാരി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കേസില്‍ റിസോര്‍ട്ട് ഉടമകള്‍ അറസ്റ്റില്‍. വയനാട് സ്വദേശികളായ റിയാസ്, സുനീര്‍ എന്നിവരെയാണ് മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.

സുരക്ഷാക്രമീകരണങ്ങളൊന്നും ഇല്ലാതെയാണ് വനാതിര്‍ത്തിയിലെ ടെന്റ് കളില്‍ വിനോദസഞ്ചാരികളെ പ്രവേശിപ്പിച്ചതെന്ന് കലക്ടര്‍ നടത്തിയ അന്വേഷണത്തിലും വ്യക്തമായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കണ്ണൂര്‍ സ്വദേശി ഷഹാന കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

റിസോര്‍ട്ട് ഉടമകളുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നും അനുമതിയില്ലാതെയാണ് റിസോര്‍ട്ട് നടത്തിയതെന്നും കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരെ പ്രതികളാക്കി പൊലീസ് കേസെടുത്തിരുന്നു. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ വിട്ടയയ്ക്കും എന്നാണ് പോലീസ് അറിയിക്കുന്നത്.

Exit mobile version