തിരുവനന്തപുരം: ചൈൽഡ് ലൈനിൽ പരാതി നൽകി മടങ്ങിയ അമ്മയേയും മകളേയും ആക്രമിച്ച് സാമൂഹ്യവിരുദ്ധർ. പൂവച്ചൽ കുറകോണം സ്വദേശിനി ബബിതക്കും മകൾക്കും നേരെയാണ് ആക്രമണം ഉണ്ടായത്. വെള്ളിയാഴ്ച രാത്രി 10.30നായിരുന്നു ആക്രമണം. തിരുവനന്തപുരത്തുനിന്നു കാട്ടാക്കടയിൽ എത്തിയ ഇവർ പൂവച്ചൽ ഭാഗത്തേക്ക് ബസ് ഇല്ലാത്തതിനാൽ നടന്ന് വരികയായിരുന്നു. പൂവച്ചൽ പുന്നാംക്കരിക്കകം വളവിൽ എത്തിയപ്പോഴാണ് ബൈക്കിൽ എത്തിയ രണ്ടു യുവാക്കൾ ഇവരെ ശല്യം ചെയ്യാൻ തുടങ്ങിയത്.
ബബിതയോടെ കൂടെ വരാനും അഞ്ഞൂറ് രൂപ നൽകാം എന്നും പറഞ്ഞായിരുന്നു ആക്രമണം. തുടർന്ന് ഇവർ യുവാക്കളെ ചീത്ത വിളിച്ചു. മടങ്ങിപ്പോയ യുവാക്കൾ തിരിച്ചെത്തി ബബിതയുടെ നാഭിക്ക് തൊഴിച്ചു വീഴ്ത്തുകയായിരുന്നു. ഇതിനിടെ, നിയന്ത്രണം വിട്ട ബൈക്ക് എതിർദിശയിലേക്കു പാഞ്ഞു. ഇവരുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാർ പോലീസിനെ അറിയിച്ച ശേഷം ബബിതയെ കാട്ടാക്കട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ബൈക്ക് ഓടിച്ചിരുന്ന ഇരുവരെയും വാഹനത്തെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. തങ്ങളെ യുവാക്കൾ പിന്തുടർന്നിരുന്നതായി ബബിത പറഞ്ഞു. വിതുര സ്വദേശികൾ ആണെന്നാണ് ബൈക്ക് യാത്രികരായ ഇവർ പോലീസിനോട് നാട്ടുകാരോടും പറഞ്ഞത്. പോത്തോൻകോട്ടുള്ള സുഹൃത്തിനു കാശ് കൊടുക്കാൻ പോയതാണെന്നും കാട്ടാക്കടയിൽ മദ്യപിക്കാനാണ് വന്നതെന്നും ഇവർ പറഞ്ഞു.
Discussion about this post