കൊച്ചി: മരട് ന്യൂക്ലിയസ് മാളിന് സമീപം കാര്‍ ചരക്കു ലോറിയില്‍ ഇടിച്ചു കയറി യുവതിക്ക് ദാരുണാന്ത്യം. തൃശ്ശൂര്‍ സ്വദേശിനി ജോമോളാണ് മരണപ്പെട്ടത്. 43 വയസായിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സഹോദരന് സാന്‍ഗി(45)യെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം, മറ്റൊരു ദാരുണമായ അപകടം കൂടി പിന്നാലെ സംഭവിക്കുകയും ചെയ്തു. പരിക്കേറ്റ യുവാവിനെ ആശുപത്രിയിലാക്കുന്നതിനു പോയ ഓട്ടോ ഡ്രൈവര്‍ മടങ്ങും വഴി മറ്റൊരു അപകടത്തില്‍ മരണപ്പെടുകയായിരുന്നു. തൃപ്പൂണിത്തുറ തെക്കുംഭാഗം നന്ദനം വീട്ടില്‍ തമ്പി (50) ആണ് മരിച്ച ഓട്ടോ ഡ്രൈവര്‍.
തൃശൂര്‍ സ്വദേശികളായ യുവാവും യുവതിയും കുണ്ടന്നൂരില്‍ നിന്നു ചോറ്റാനിക്കരയിലെ ബന്ധുവീട്ടിലേക്കു പോകും വഴി രാവിലെ ഏഴരയോടെയായിരുന്നു അപകടം. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിലേയ്ക്ക് വഴിവെച്ചതെന്നാണ് ലഭിക്കുന്ന വിവരം. മരണപ്പെട്ട യുവതിയുടെ മൃതദേഹം മരടിലുള്ള സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഓട്ടോ ഡ്രൈവര്‍ സാന്‍ഗിയെ ആശുപത്രിയിലാക്കി തിരിച്ച് മടങ്ങുമ്പോള്‍ മരട് ജംഗ്ഷന് കഴിഞ്ഞതിനു പിന്നാലെ ഒട്ടോറിക്ഷ നിയന്ത്രണംവിട്ട് മതിലില്‍ ഇടിച്ചാണ് മരിച്ചത്. അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുന്നതിനു മുമ്പു തന്നെ മരണപ്പെട്ടിരുന്നു.