ലോക്ക് ഡൗൺ, ക്വാറന്റൈൻ, റിവേഴ്‌സ് ക്വാറന്റൈൻ, മാസ്‌ക്, സാമൂഹിക അകലം പാലിച്ച് ഒരാണ്ട്; കേരളത്തിൽ ആദ്യത്തെ കോവിഡ് കേസ് സ്ഥിരീകരിച്ചിട്ട് ഒരു വർഷം; പോരാട്ടം തുടർന്ന് രാജ്യം

covid Kerala

തിരുവനന്തപുരം: ഇന്ത്യയിൽ കോവിഡ് മഹാമാരി ആദ്യമായി സ്ഥിരീകരിച്ചിട്ട് ഇന്നേക്ക് ഒരു വർഷം. വുഹാനിൽ നിന്നും ലോകത്തിന്റെ മുക്കിലും മൂലയിലുമെത്തിയ മഹാമാരിയെ ഇന്ത്യയിൽ ആദ്യമായി സ്ഥിരീകരിച്ചത് 2019 ജനുവരി 30 തിന് കേരളത്തിലെ തൃശ്ശൂരിലായിരുന്നു. വുഹാനിലെ മെഡിക്കൽ വിദ്യാർത്ഥിയായിരുന്ന തൃശ്ശൂർ സ്വദേശിനിക്കാണ് രോഗം ബാധിച്ചത്. അന്ന് കേരളവും രാജ്യവും വലിയ ഞെട്ടലിലായിരുന്നു. തൊട്ടുപിന്നാലെ വുഹാനിൽ നിന്നുമെത്തിയ മറ്റ് രണ്ട് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. നിപ്പയെ പ്രതിരോധിച്ച് ശീലമുള്ള മലയാളികൾ കോവിഡിനേയും ക്വാറന്റൈനും ഐസൊലേഷൻ വാർഡും ഒരുക്കി പ്രതിരോധിച്ചു.

എന്നാൽ, ആദ്യഘട്ട പ്രതിരോധത്തിന് പിന്നാലെ കേരളത്തിൽ മാർച്ചിൽ വീണ്ടും ആശങ്ക ഉയർത്തി ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശികൾക്ക് രോഗം സ്ഥിരീകരിച്ചു. പിന്നീട് പതിയെ കേരളത്തിൽ നിരവധിയിടങ്ങളിൽ കോവിഡ് സ്ഥിരീകരിക്കപ്പെട്ടു. രോഗബാധക്കൊപ്പം ആശങ്കയായി മരണങ്ങളുമെത്തി.

ലോകത്തെ തന്നെ കോവിഡ് വിറപ്പിച്ചെങ്കിലും ഏറെ ജനസംഖ്യയുള്ള ഇന്ത്യ ആദ്യ ഘട്ടത്തിൽ നന്നയി തന്നെ പ്രതിരോധിച്ചു. ലോക്ക് ഡൗൺ. ക്വാറന്റൈൻ, റിവേഴ്‌സ് ക്വാറന്റൈൻ, മാസ്‌ക്, സാമൂഹിക അകലം എല്ലാം നമ്മുടെ ജീവിതത്തിന്റെ ഭാഗമായി. മേയിൽ അൺലോക്ക് ആരംഭിച്ചതോടെ വിദേശത്ത് നിന്നും ആളുകളെത്തിത്തുടങ്ങി. ഒപ്പം രോഗനിരക്കും കുതിച്ചു. അപ്പോഴും കേരളത്തിൽ സ്ഥിതി കൈവിട്ടുപോയില്ല. കോവിഡിനെ പിടിച്ചുനിർത്തിയ കേരള മാതൃകക്ക് ആഗോളതലത്തിൽ തന്നെ പ്രശംസ ലഭിച്ചു.

പക്ഷെ, നിലവിൽ ഒക്ടോബർ മുതൽ മറ്റ് സംസ്ഥാനങ്ങളിലും രാജ്യത്തും രോഗവ്യാപനം കുറഞ്ഞെങ്കിലും കേരളത്തിന്റെ ഗ്രാഫ് ഉയർന്നുതന്നെയാണ് ഇരിക്കുന്നത്.നിലവിൽ ഏറ്റവും അധികം രോഗികളും ഏറ്റവും ഉയർന്ന പ്രതിദിന രോഗികളും ടെസ്റ്റ് പൊസിറ്റീവിറ്റി നിരക്കും കേരളത്തിലാണ്. ആശ്വാസമായിട്ടുള്ളത് മരണ നിരക്ക് 0.4 ശതമാനത്തിൽ നിർത്താനായി എന്നത് മാത്രമാണ്.

Exit mobile version